ന്യൂഡല്‍ഹി: കര്‍ണാടക ആസ്ഥാനമായ ഡിആര്‍ഡിഒ യുവ ശാസ്ത്രജ്ഞര്‍ക്കായുള്ള അഞ്ച് ലബോറട്ടറികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുന്‍ പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാം സേവനമനുഷ്ഠിച്ച എയറോനോട്ടിക്കല്‍ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ തന്നെ ഈ ചടങ്ങ് നടന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഡ്വാന്‍സ് ടെക്നോളജി രംഗത്ത് അഞ്ച് ലാബുകള്‍ സ്ഥാപിച്ചതില്‍ തനിക്ക് സംതൃപ്തിയുണ്ടെന്നും മോദി പറഞ്ഞു.
ബംഗളൂരു, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നീ അഞ്ച് നഗരങ്ങളിലാണ് ഡിആര്‍ഡിഒ യംഗ് സയന്റിസ്റ്റ് ലബോറട്ടറീസ് (ഡിവൈഎസ്എല്‍) ആരംഭിച്ചത്. ഫ്യൂച്ചറിസ്റ്റിക് പ്രതിരോധ സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം സാങ്കേതികവിദ്യകള്‍, കോഗ്നിറ്റീവ് ടെക്നോളജീസ്, സ്മാര്‍ട്ട് മെറ്റീരിയലുകള്‍ എന്നിവയുടെ വികസനത്തിന് പ്രാധാന്യമുള്ള നൂതന സാങ്കേതികവിദ്യയില്‍ ഓരോ ലാബും പ്രവര്‍ത്തിക്കും.













