തിരുവനന്തപുരം: ലക്ഷ്വറി ബസ്സുകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തുന്നതിന് അനുവാദം നല്‍കുന്ന കേന്ദ്രകരട് വിജ്ഞാപനത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം തീരുമാനം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
വിഷയം വിശദമായി പരിശോധിക്കുന്നതിന് 17ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ഗതാഗത കമ്മീഷണര്‍, കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഉന്നതതലയോഗം മന്ത്രി വിളിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധന പ്രകാരം ഇത്തരത്തില്‍ ലക്ഷ്വറി എ.സി ബസ്സുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ലാതെ സംസ്ഥാനത്തിനകത്തും അന്തര്‍സംസ്ഥാനതലത്തിലും സര്‍വ്വീസ് നടത്താന്‍ അനുവദിച്ചാല്‍ അത് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വ്വീസിനെയും സാധാരണ ഫ്‌ളീറ്റ് ഓണര്‍മാരായ ചെറുകിട ബസ് ഓപ്പറേറ്റര്‍മാരെയും സാരമായി ബാധിക്കുമെന്നാണ് സൂചനയെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര മോട്ടോര്‍ വാഹനനിയമപ്രകാരം നിലവില്‍ എല്ലാവിധ ബസ്സുകള്‍ക്കും പെര്‍മിറ്റ് ആവശ്യമാണ്.













