ആലപ്പുഴ: ‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന സന്ദേശവുമായി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ‘ജീവനി’ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിയായി മാറുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍.ജീവനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഓണാട്ടുകര കാര്‍ഷിക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വരും തലമുറയെ രോഗങ്ങളുടെ പിടിയിലേക്ക് തള്ളിവിടാതെ നമുക്ക് ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ജീവനിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആവശ്യമായ പോഷകഗുണമുള്ള പച്ചക്കറികളും പഴങ്ങളും നമുക്ക് ചുറ്റുമുണ്ട്. പരമ്പരാഗതമായ ഇത്തരം ഇനങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ കൃഷിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനായി ചെയ്യേണ്ടത്. കാര്‍ഷിക രംഗത്തെ സ്വയംപര്യാപ്തതയ്ക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ കാര്‍ഷിക വൈവിധ്യങ്ങളുള്ള പ്രദേശമാണ് ഓണാട്ടുകരയെന്നും മന്ത്രി പറഞ്ഞു. ജീവനി പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാവുന്നതോടെ എല്ലാ വീട്ടിലും പോഷകത്തോട്ടങ്ങള്‍ തയ്യാറാകും.
ജില്ലാതല കര്‍ഷക അവാര്‍ഡിന്റെ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.













