ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റുണ്ടാക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര’ എന്ന പേരിലാകും ട്രസ്റ്റ് അറിയപ്പെടുക. ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം ലോക്‌സഭയിലെത്തിയ പ്രധാനമന്ത്രി അപ്രതീക്ഷിതമായി ഇക്കാര്യം സഭയെ അറിയിക്കുകയായിരുന്നു. സുപ്രീംകോടതി വിധിയനുസരിച്ചാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ട്രസ്റ്റിനു സ്വതന്ത്രമായി തീരുമാനമെടുക്കാം. ക്ഷേത്രനിര്‍മ്മാണത്തിനുള്ള 67.703 ഏക്കര്‍ സ്ഥലം മുഴുവനായി ട്രസ്റ്റിന് കൈമാറും. പതിനഞ്ച് അംഗങ്ങളുള്ള ട്രസ്റ്റില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍നിന്നായിരിക്കും.
ജയ് ശ്രീറാം വിളികളോടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഭരണപക്ഷം സ്വീകരിച്ചത്.













