തിരുവനന്തപുരം: ഗ്രീന്‍കേരള എക്‌സ്‌പ്രസ് റിയാലിറ്റി ഷോയില്‍ മികച്ച പഞ്ചായത്തിനുള്ള ഒരു കോടിരൂപ പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിന്. അകത്തേത്തറ (പാലക്കാട്), അടാട്ട് (തൃശൂര്‍) പഞ്ചായത്തുകളാണ് രണ്ടും മൂന്നും സ്‌ഥാനത്ത്. യഥാക്രമം 50 ലക്ഷവും 25 ലക്ഷവുമാണു സമ്മാനത്തുക. നഗരസഭകളില്‍ ഒറ്റപ്പാലം അരക്കോടിയുടെ ഒന്നാം സ്‌ഥാനം നേടി. മലപ്പുറം നഗരസഭ(25ലക്ഷം)യ്‌ക്കാണു രണ്ടാംസ്‌ഥാനം.
140 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ഒന്നാംഘട്ട മല്‍സരത്തില്‍ നിന്ന് 15 പഞ്ചായത്തുകളെയാണു രണ്ടാംഘട്ടത്തിലേക്കു തിരഞ്ഞെടുത്തിരുന്നത്. ഇവരില്‍ നിന്നാണ് മികച്ച മൂന്നു പഞ്ചായത്തുകളെ പല മാനദണ്ഡങ്ങളെ അടിസ്‌ഥാനമാക്കി തിരഞ്ഞെടുത്തത്. 12 നഗരസഭകളാണ് ഒന്നാംഘട്ട
മല്‍സരത്തിലുണ്ടായിരുന്നത്. ദുരദര്‍ശനില്‍ 103 എപ്പിസോഡുകളിലായി റിയാലിറ്റി ഷോ പ്രദര്‍ശിപ്പിച്ചു. പാലുല്‍പാദനരംഗത്തെ മിന്നുന്ന നേട്ടങ്ങളാണ് എലപ്പുള്ളി ഗ്രാമപഞ്ചായത്തിന് ഒന്നാംസ്‌ഥാനം നേടിക്കൊടുത്തത്.
ക്ഷീരഗ്രാമം പദ്ധതി തുടങ്ങുന്നതിനു മുന്‍പ് 2200 ലീറ്റര്‍ പാല്‍ ഉല്‍പാദിപ്പിച്ചിരുന്നിടത്ത് ഇപ്പോള്‍ 7800 ലീറ്റര്‍ പാല്‍ അധികമായി ഉല്‍പാദിപ്പിക്കുന്നു. പ്രകൃതിസംരക്ഷണത്തിലും വനവല്‍ക്കരണത്തിലും കാണിച്ച മികവാണ് അകത്തേത്തറ പഞ്ചായത്തിനെ രണ്ടാമതെത്തിച്ചത്. ജൈവഗ്രാമമെന്ന പദ്ധതിയാണ് അടാട്ട് ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.
പരിസ്‌ഥിതി സംരക്ഷണവും സുസ്‌ഥിര വികസനവുമാണ് നൂറ്റാണ്ട്‌മുന്നോട്ടുവയ്‌ക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നു മുഖ്യമന്ത്രി പറഞ്ഞു. വികസനത്തെക്കുറിച്ചുള്ള പരമ്പരാഗത കാഴ്‌ചപ്പാട് പൊളിച്ചെഴുതണം. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ സുസ്‌ഥിര വികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. .
Discussion about this post