തിരുവനന്തപുരം: കോവിഡ്19 രോഗവ്യാപനം തടയാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആരാധധനാലയങ്ങള്‍ പാലിച്ചില്ലെങ്കിലും കര്‍ശന നടപടിയുണ്ടാകും.
സമൂഹത്തിന്റെയാകെയുള്ള രക്ഷയെക്കരുതിയാണ് സര്‍ക്കാര്‍ നടപടികള്‍. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ല. സര്‍ക്കാര്‍ പറയുന്നതിനപ്പുറമുള്ള നിയന്ത്രണമാണ് സമൂഹം ആഗ്രഹിക്കുന്നത്. നിര്‍ദേശങ്ങള്‍ ഭൂരിപക്ഷം ആരാധനാലയങ്ങളും മതസമുദായനേതാക്കളും അംഗീകരിക്കുകയും പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ചിലയിടത്ത് ആള്‍ക്കൂട്ടം ഉണ്ടാകുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇതൊഴിവാക്കണമെന്ന് വീണ്ടും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുകയാണ്.
കാസര്‍കോട് നാം നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം കണ്ടതിനെത്തുടര്‍ന്നാണ് കര്‍ശനനിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നത്. കാസര്‍കോട് ജില്ലാഭരണകൂടം സഹയാത്രികരില്‍നിന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നുമുള്ള വിവരം ഉപയോഗിച്ച് ഈ രോഗിയുടെ റൂട്ട് മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിരവധി തവണ കൗണ്‍സിലിംഗ് നടത്തി വിവരശേഖരം നടത്തിയിട്ടും അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുന്നു. ഇതില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇത്തരത്തില്‍ സമൂഹത്തെ വഞ്ചിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും.
ജില്ലകളില്‍ എസ്.പിമാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിട്ടുണ്ട്. ക്രമസമാധനപാലന ചുമതലയുള്ള എസ്.പിമാര്‍ക്ക് പുറമേ മറ്റ് മേഖലകളിലെ എസ്.പിമാരെയും പ്രത്യേകമായി ചുമതലപ്പെടുത്തി. കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളില്‍ താമസിക്കുന്നതാണ് അഭികാമ്യം. ഹൃദ്രോഗം, കാന്‍സര്‍, പെട്ടെന്ന് രോഗം ബാധിക്കാന്‍ സാധ്യതയുള്ളവര്‍ തുടങ്ങിയവര്‍ വീട്ടിലുള്ളവരും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. വീട്ടില്‍ ആരും ഇല്ലാത്തവര്‍ക്കും പ്രത്യേക കേന്ദ്രത്തില്‍ സൗകര്യമൊരുക്കും.
ആവശ്യസേവനം ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി എന്നിവരടങ്ങിയ സമിതി രൂപീകരിക്കും. ഡേറ്റാ മാനേജ്‌മെന്റ് സന്ദര്‍ഭാനുസരണം കൊണ്ടുപോകുന്നതിന് ദുരന്ത നിവാരണ ഓഫീസില്‍ റവന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംവിധാനമൊരുക്കും.
ഗതാഗതം, ചരക്കുനീക്കം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പൊതുഭരണസെക്രട്ടറി, ഗതാഗത സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, കെ.എസ്.ആര്‍.ടി.സി എം.ഡി എന്നിവര്‍ അടങ്ങിയ സമിതി മേല്‍നോട്ടം വഹിക്കും.
സംസ്ഥാനത്തേക്കുള്ള ചരക്കുവാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തമിഴ്‌നാട് ചീഫ് സെക്രട്ടറി ഉറപ്പുനല്‍കിയിട്ടുണ്ട്. ബസുകളില്‍ ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ എഴുതിനല്‍കുന്ന ഡിക്ലറേഷന്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.
കടകള്‍ അടയ്ക്കാന്‍ പോകുന്നുവെന്നുള്‍പ്പെടെ അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും അവശ്യവസ്തുക്കള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികള്‍ ഹോം ഡെലിവറി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തണം.
കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തും. ആവശ്യമായ സൗകര്യങ്ങളുള്ള സ്വകാര്യ ലാബുകളെയും ടെസ്റ്റിംഗ് സാങ്കേതിക വിദ്യയുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സഹകരിപ്പിക്കാന്‍ നടപടിയെടുക്കും.
രോഗനിര്‍ണയത്തിന് റാപ്പിഡ് ടെസ്റ്റ് സംവിധാനത്തിന് ഐ.സി.എം.ആറിന്റെ അനുമതി ലഭിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സംബന്ധിച്ചു.
Discussion about this post