തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്.
റേഷന്‍ വിതരണത്തിന്റെ ആദ്യ ദിനത്തില്‍ 14.5 ലക്ഷം പേര്‍ക്ക് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം വിതരണം ചെയ്തു. 21,472 മെട്രിക് ടണ്‍ അരിയാണ് നല്‍കിയത്. അരിയുടെ അളവില്‍ കുറവുണ്ടായതായി ഒറ്റപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.
കേരളത്തില്‍ 1.80 ലക്ഷം ലിറ്റര്‍ പാല്‍ മിച്ചംവരുന്ന അവസ്ഥയില്‍ പാല്‍പ്പൊടി നിര്‍മിക്കാന്‍ തമിഴ്നാടിന്റെ സഹായം തേടിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതിദിനം 50000 ലിറ്റര്‍ പാല്‍ ഈറോഡ് പാല്‍പ്പൊടി ഫാക്ടറിയില്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീരഫെഡറേഷന്‍ അറിയിച്ചു. കൂടുതല്‍ പാല്‍ സ്വീകരിക്കാന്‍ ശ്രമിക്കാമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ നടപടിയില്‍ തമിഴ്നാട് മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.













