
കോട്ടയം: ആത്മീയതയ്‌ക്കൊപ്പം ആതുരസേവനവും തപസ്യയായി സ്വീകരിച്ച ആതുരാശ്രമം മഠാധിപതി സ്വാമി ആതുരദാസ് (98) സമാധിയായി. കോട്ടയത്തിനടുത്ത് ചിങ്ങവനം കുറിച്ചി ആതുരാശ്രമം, ഹോമിയോ മെഡിക്കല്‍ കോളേജ്, ഹോമിയോ ഗവേഷണകേന്ദ്രം എന്നിവയുടെ സ്ഥാപകനായിരുന്നു. ഹോമിയോപ്പതിയുടെ പ്രചാരത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ ‘കേരള ഹാനിമാന്‍’ എന്നാണ് സ്വാമി അറിയപ്പെട്ടിരുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ന് കൊച്ചി അമൃതാ ആസ്പത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. ശ്വാസകോശസംബന്ധമായ രോഗത്തെത്തുടര്‍ന്ന് മാര്‍ച്ച് 15 നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുദിവസം മുമ്പ് ന്യുമോണിയ പിടിപെട്ടു. വ്യാഴാഴ്ചയോടെ രോഗം വര്‍ധിക്കുകയായിരുന്നു. 98ാം ജന്മദിനമായ ശനിയാഴ്ച ആശ്രമത്തില്‍ അന്നദാനവും ചടങ്ങുകളും നടത്താനിരിക്കെയാണ് അന്ത്യം.
കോട്ടയത്ത് ചാന്നാനിക്കാട് ചേടിയാട്ട് അയ്യപ്പക്കുറുപ്പിന്റെയും കുഞ്ഞുപെണ്ണമ്മയുടെയും ഏഴ് മക്കളില്‍ ഇളയവനായി 1913 ജൂണ്‍ 19ന് (1088മിഥുനം) ഉത്രാടം നക്ഷത്രത്തിലാണ് ജനനം. വാസുദേവന്‍പിള്ള എന്നാണ് പൂര്‍വാശ്രമത്തിലെ പേര്. ചങ്ങനാശ്ശേരി എസ്.ബി. സ്‌കൂളില്‍നിന്ന് പ്രാഥമികപഠനം പൂര്‍ത്തിയാക്കി.
ചട്ടമ്പിസ്വാമികളുടെ ശിഷ്യനായ ഭക്താനന്ദസ്വാമികളില്‍നിന്ന് 1936ല്‍ സംന്യാസം സ്വീകരിച്ച് ആതുരദാസായി. ഇതിനിടെ, ക്ഷീരപാന ചികിത്സ, പ്രകൃതിചികിത്സ, ഹോമിയോപ്പതി എന്നിവയില്‍ അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. സ്വയം പഠിച്ചതായിരുന്നു ചികിത്സാവിധികള്‍. അതേവര്‍ഷംതന്നെ ചങ്ങനാശ്ശേരിക്കടുത്ത് കൊരട്ടിമലയില്‍ ആതുരാശ്രമം സ്ഥാപിച്ചു. ചികിത്സയിലൂടെ ആധ്യാത്മികതയ്ക്ക് പുതിയ മാനം നല്‍കിയതോടെ സ്വാമിയുടെ പ്രശസ്തി നാടൊട്ടുക്ക് പരന്നു. യാത്രാസൗകര്യം പരിഗണിച്ചാണ് പിന്നീട് 1952ല്‍ കുറിച്ചിയില്‍ ആതുരാശ്രമം സ്ഥാപിച്ചത്. 1955ല്‍ ആശ്രമത്തോടു ചേര്‍ന്ന് ഹോമിയോ ആസ്പത്രിക്ക് തുടക്കംകുറിച്ചു. 1958 ജൂലായില്‍ ഹോമിയോ മെഡിക്കല്‍ കോളേജും. 1979 നവംബറില്‍ കോളേജ് എന്‍.എസ്.എസ്സിന് വിട്ടുകൊടുത്തു.
സ്വാമി തുടങ്ങിയ ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ റിസര്‍ച്ച് ആസ്പത്രി കേന്ദ്രസര്‍ക്കാരിന് വിട്ടുകൊടുത്തു. ഇത് പിന്നീട് കേന്ദ്ര റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടായും മാറി. ആശ്രമത്തിനു കീഴില്‍ ഏഴ് ആശ്രമവും 19 വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും ഒട്ടേറെ സ്‌കൂളുകളും ആസ്പത്രികളും ക്ഷേത്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ആരംഭിച്ച ‘ഭാരതസാധുസമാജ’ത്തിന്റെ കേരളഘടകം പ്രസിഡന്റായിരുന്നു സ്വാമി. അഖിലഭാരത അയ്യപ്പസേവാസംഘത്തിന്റെ പ്രസിഡന്റായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post