തിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തുന്ന സിക്കിം സൂപ്പര്‍ ലോട്ടറിക്കു ദിവസം രണ്ടു നറുക്കെടുപ്പുകള്‍ കൂടി അനുവദിക്കാന്‍ സിപിഎം 25 കോടി രൂപ വാങ്ങിയതായി കോണ്‍ഗ്രസ് അംഗം വി.ഡി. സതീശന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചു. അന്യ സംസ്‌ഥാന ലോട്ടറികളില്‍ നിന്നു വര്‍ഷം 100 കോടി മുതല്‍ 150 കോടി വരെ സിപിഎമ്മിനു ലഭിക്കുന്നണ്ടെന്നും സ്‌പീക്കര്‍ക്ക് എഴുതിക്കൊടുത്ത ആരോപണത്തില്‍ പറഞ്ഞു.
എന്നാല്‍, ആരോപണം പഞ്ചായത്ത് ഇലക്‌ഷനു മുന്‍പുള്ള ആയുധമൊരുക്കല്‍ മാത്രമാണെന്നും, അന്വേഷണം നടത്താന്‍ മനസ്സില്ലെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നല്‍കി. ആരോപണത്തെച്ചൊല്ലി സഭയില്‍ ശബ്‌ദായമാന രംഗങ്ങള്‍ അരങ്ങേറി. പ്രതിപക്ഷ നേതാവ്‌ഉമ്മന്‍ ചാണ്ടി പ്രസംഗിച്ചപ്പോള്‍ സ്‌പീക്കര്‍ മൈക്ക് ഓഫ് ചെയ്‌തുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അന്വേഷണം നടത്താത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം വോക്കൗട്ട് നടത്തി.
കേരളത്തില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ വരുമാനസ്രോതസ് അന്യ സംസ്‌ഥാന ലോട്ടറികള്‍ നടത്തുന്ന സാന്റിയാഗോ മാര്‍ട്ടിനാണെന്നു സതീശന്‍ പറഞ്ഞു. ഈ തുകയുടെ പങ്ക് കൈരളിക്കും ദേശാഭിമാനിക്കും ലഭിക്കുന്നുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറികളുടെ നറുക്കെടുപ്പ് ലൈവായി കാണിക്കുന്നതു കൈരളിയിലും പീപ്പിളിലും പിന്നെ, എസ്‌എസ് മ്യൂസിക് ചാനലിലും മാത്രമാണ്. പുതിയ ലോട്ടറി നറുക്കെടുപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പു നികുതി അടയ്‌ക്കേണ്ടതുണ്ട്. ഇവിടെ ജൂലൈ ഒന്നിനുനികുതി അടയ്‌ക്കുകയും മൂന്നിനു സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും 17 മുതല്‍ നറുക്കെടുപ്പു നടത്തുകയുമായിരുന്നു. ഇതു ലോട്ടറി ചട്ടത്തിന്റെ വ്യക്‌തമായ ലംഘനമാണ്. ഇതേക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര നിയമപ്രകാരം 24 ലോട്ടറി നറുക്കെടുപ്പുകള്‍ വരെ അനുവദിക്കാമെന്നും പുതിയ ലോട്ടറികളെ തടയാന്‍ സംസ്‌ഥാനത്തിന് അധികാരമില്ലെന്നും മന്ത്രി ടി.എം. തോമസ് ഐസക് മറുപടി നല്‍കി. സംസ്‌ഥാനത്തിനു ലോട്ടറി നടത്തണമെങ്കില്‍ അന്യ സംസ്‌ഥാന ലോട്ടറികളെ അനുവദിക്കാതെ വഴിയില്ല. ലോട്ടറി നടത്തിപ്പില്‍ നിയമലംഘനം ഉണ്ടെങ്കില്‍പ്പോലും നേരിട്ടു നടപടിയെടുക്കാതെ കേന്ദ്രത്തില്‍ പരാതിപ്പെടാനേ നിയമത്തില്‍ വ്യവസ്‌ഥയുള്ളു.
എന്നാല്‍, നികുതി വാങ്ങി ഒരു മാസം കഴിയുംമുന്‍പ് ഉത്തരവിറക്കിയ പാലക്കാട്ടെ വാണിജ്യ നികുതി വകുപ്പ് അസി. കമ്മിഷണറോടു വിശദീകരണം ചോദിക്കുമെന്നു മന്ത്രി അറിയിച്ചു. അന്യ സംസ്‌ഥാന ലോട്ടറികളെക്കുറിച്ചു സിബി മാത്യൂസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ദിവസം 22.5 കോടി രൂപ സംസ്‌ഥാനത്തു നിന്നു ലോട്ടറിക്കാര്‍ നേടുന്നുണ്ടെന്നു പറഞ്ഞിരുന്നുവെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. അതു 2006ല്‍ ആണ്. ഇന്നു ദിവസം 40 കോടി രൂപ അന്യസംസ്‌ഥാന ലോട്ടറിക്കാര്‍ കേരളത്തിലെ പാവപ്പെട്ടവരില്‍നിന്നു ലോട്ടറി തട്ടിപ്പിലൂടെ നേടുന്നുണ്ട്. അങ്ങനെ 365 ദിവസം കൊണ്ട് 14600 കോടി രൂപയാണു ലോട്ടറിക്കമ്പനികള്‍ കൊള്ളയടിക്കുന്നത്. സര്‍ക്കാര്‍ ഈ കൊള്ളയ്‌ക്കു കൂട്ടുനില്‍ക്കുകയാണ്.
കേരളത്തിന്റെ റവന്യു വരുമാനം പോലും ഇത്രയേ വരൂ. സിക്കിം സംസ്‌ഥാനത്തിന്റെ റവന്യു വരുമാനത്തെക്കാള്‍ കൂടുതലാണിത്. സിക്കിം സൂപ്പര്‍ ലോട്ടറി മാത്രം ദിവസം 25 കോടി രൂപയാണു നേടുന്നത്. സിക്കിം സംസ്‌ഥാനവുമായി ലോട്ടറിക്കു ബന്ധമില്ല. സിക്കിമിന്റെ പേരില്‍ മാര്‍ട്ടിനാണു ലോട്ടറി നടത്തുന്നത്. മന്ത്രി ഐസക് കേന്ദ്ര നിയമം പറഞ്ഞു രക്ഷപ്പെടാന്‍ നോക്കുകയാണ്. സിക്കിം സംസ്‌ഥാനമല്ല, വേറെ ആളാണു ലോട്ടറി നടത്തുന്നതെന്ന് അറിഞ്ഞുകൊണ്ടാണിത്.
നിയമത്തിലെ വ്യവസ്‌ഥകള്‍ അനുസരിച്ചാണു ലോട്ടറി നടത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതു സംസ്‌ഥാനത്തിന്റെ ചുമതലയാണെന്നു സതീശന്‍ ചൂണ്ടിക്കാട്ടി. അന്യ സംസ്‌ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി വാദിച്ച വക്കീലായ അശോകനാണു പിന്നീടു ലോട്ടറികള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ കേസില്‍ സര്‍ക്കാരിന്റെ ഭാഗം വാദിക്കാനെത്തിയതെന്നും സതീശന്‍ പറഞ്ഞു. പ്രതിയുടെ അഭിഭാഷകന്‍ പിന്നീടു വാദിയുടെ അഭിഭാഷകനായി.
എന്നാല്‍, അഭിഭാഷകന്‍ അതു തന്നെയെങ്കിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ കേസില്‍ സര്‍ക്കാര്‍ ജയിച്ചുവെന്നു തോമസ് ഐസക് ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തു വാദിച്ചതു കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്. മാത്രമല്ല, കേന്ദ്ര ഗവണ്‍മെന്റിന്റെ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായി സംസ്‌ഥാനത്തിനു ലോട്ടറി നിരോധിക്കാന്‍ അധികാരമില്ല എന്നറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സിക്കിമും ഭൂട്ടാനും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. സിക്കിമിന്റെ ലോട്ടറി സെക്രട്ടറി വരികയും ചെയ്‌തു.
ചട്ടം ലംഘിച്ചാണു ലോട്ടറി വില്‍ക്കുന്നതെന്നു കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടും കേന്ദ്രത്തിനു നല്‍കി. ലോട്ടറികളെ നിയന്ത്രിക്കാനുള്ള അധികാരമില്ലാത്ത നിയമമുണ്ടാക്കിയതിനു കേന്ദ്രത്തിന് എത്ര കിട്ടിയെന്നു ചോദിച്ചാല്‍ മതിയെന്നും ഐസക് പറഞ്ഞു. നികുതി വാങ്ങുകയും ലോട്ടറിക്ക് അനുമതി നല്‍കുകയും ചെയ്യാതെ നിര്‍വാഹമില്ല. കേന്ദ്ര നിയമമനുസരിച്ചു ചെയ്‌തേ മതിയാവൂ എന്ന് ഐസക് പറഞ്ഞു.
Discussion about this post