ഓണം കഴിഞ്ഞാല്‍ കേരളത്തിലെ സുപ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് വിഷു. ഹൈന്ദവമായ ആചാരമാണെങ്കിലും ഈ സന്ദര്‍ഭത്തിന് മറ്റു പല സവിശേഷതകളും ഉണ്ട്. പ്രാചീനകാലത്ത് വിഷു ദിനമാണ് കേരളത്തിന്‍റെ വര്‍ഷാരംഭ ദിനമായി കണക്കാക്കിയിരുന്നത്. പിന്നീടാണ് കൊല്ലവര്‍ഷത്തിന് ആ സ്ഥാനം ലഭിച്ചതും. എല്ലാ വര്‍ഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. ജ്യോതിശ്ശാസ്ത്രപരമായും ഈ ദിവസത്തിന് ഏറെ പ്രാധാന്യം ഉണ്ട്. വിഷു സംക്രമ വേളയിലാണ് രാത്രിയുടെയും പകലിന്‍റെയും സമയ ദൈര്‍ഘ്യം തുല്യമായി വരുന്നത്. മലയാളിക്ക് ഇത് വിളവെടുപ്പിന്‍റെ അവസരം കൂടിയാണ്. ഏറെക്കാലത്തെ അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ട് കേരളീയരുടെ അറകളും മനസ്സുകളും നിറയുന്ന ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്‍റെയും അസുലഭ സന്ദര്‍ഭം കൂടി ആണിത്. വ്യത്യസ്ഥമായ നാമങ്ങളിലും രൂപഭാവങ്ങളിലും ആണെങ്കിലും പശ്ചിമ ബംഗാള്‍, ആസ്സാം, പഞ്ചാബ്, ഹരിയാന, തമിഴ് നാട് തുടങ്ങിയ മറ്റു സംസ്ഥാനങ്ങളിലും ഈ കാലഘട്ടം വിളവെടുപ്പ് ദിനമായോ വര്‍ഷാരംഭ ദിനമായോ ആചരിക്കപ്പെടുന്നുണ്ട്.
വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി പോലും അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാഴ്ച കേരളത്തില്‍ നമുക്ക് കാണാന്‍ കഴിയും. പൂത്തു തളിര്‍ത്തു നില്‍ക്കുന്ന വുക്ഷലതാദികള്‍ പകര്‍ന്നു നല്‍കുന്ന സൗന്ദര്യവും സൗരഭ്യവും അനുപമമാണ്. മംഗള സൂചകമായ മഞ്ഞനിറത്തിലുള്ള കൊന്നപ്പൂക്കള്‍ക്ക് വിഷുദിനത്തില്‍ പ്രത്യേക പ്രാധാന്യം ഉണ്ട്. വിഷുക്കണിക്ക് വേണ്ടി ഉപയോഗിയ്ക്കുന്ന പുഷ്പം ആയതിനാല്‍ ”കണിക്കൊന്ന” എന്ന പേരില്‍ ആണല്ലോ ഈ പൂക്കള്‍ അറിയപ്പെടുന്നത്.
പ്രാദേശികമായ നേരിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം എങ്കിലും പൊതുവായ ചടങ്ങുകള്‍ വ്യത്യസ്തം അല്ല. കണി കാണുക എന്ന ചടങ്ങാണ് ഇതില്‍ ഏറ്റവും പ്രധാനം. ഗൃഹങ്ങളില്‍ പൂജാമുറിയിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിലാണ് കണി ഒരുക്കുന്നത്. അതിനുള്ള തയ്യാറെടുപ്പുകള്‍ തലേ ദിവസം തന്നെ തുടങ്ങിയിരിക്കും. അഞ്ചോ ഏഴോ തിരിയിട്ട നിലവിളക്ക് എന്ന നിറച്ചു ഭഗവല്‍ വിഗ്രഹത്തിന് മുന്നില്‍ വെയ്ക്കുന്നു. അതോടൊപ്പം ഒരു വലിയ ഓട്ടുരുളിയില്‍ അഷ്ടമംഗല്യം, കൊന്നപ്പൂവ്, അലക്കിയ വസ്ത്രം, പഴവര്‍ഗ്ഗങ്ങള്‍, ചക്ക, മാങ്ങ, കണി വെള്ളരിക്ക, ആദ്ധ്യാത്മിക ഗ്രന്ഥം, സ്വര്‍ണ്ണശകലം, നാളികേരം, വാല്‍ക്കണ്ണാടി തുടങ്ങിയവ വയ്ക്കുന്നു. വിശേഷാവസരങ്ങളില്‍ താലത്തില്‍ വെക്കുന്ന എട്ട് വസ്തുക്കള്‍ ക്കാണ് അഷ്ടമംഗല്യം എന്നു പറയുന്നതു. ഇത് വ്യത്യസ്ത തരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു. ഇവിടെ ഓട്ടുരുളിയില്‍ വെക്കുന്ന നെല്ല്, അരി, അമ്പ്, കണ്ണാടി, കുരുത്തോല, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ് എന്നിവ അഷ്ടമംഗല്യം ആയി കരുതപ്പെടുന്നു. വീടുകളില്‍ ഗൃഹനാഥ ആണ് വിഷുവിന്റെ തലേദിവസം ഈ ഒരുക്കങ്ങള്‍ നടത്തുന്നത്. ക്ഷേത്രങ്ങളിലും വിഷുക്കണി കാണാനുള്ള സംവിധാനം ചെയ്യാറുണ്ട്. ഗുരുവായൂര്‍ പോലെയുള്ള മഹാക്ഷേത്രങ്ങളില്‍ കണികാണാന്‍ വിഷുദിനത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഗൃഹങ്ങളില്‍ സൂര്യോദയത്തിന് മുന്‍പുതന്നെ ഗൃഹനാഥനും ഗൃഹനായികയും ഉണര്‍ന്ന് പൂജാമുറിയിലെത്തി നിലവിളക്കിന്‍റെ ദീപപ്രഭയില്‍ ഭഗവാന്റെ വിഗ്രഹത്തെയും ഒപ്പം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതികങ്ങളായ മറ്റു വസ്തുക്കളെയും കണി കാണുന്നു. അതിനു ശേഷം മറ്റു കുടുംബാംഗങ്ങളെ വിളിച്ച് എഴുന്നേല്‍പ്പിച്ചു കണ്ണു തുറക്കാന്‍ അനുവദിക്കാതെ പൂജാ മുറിയില്‍ കൊണ്ട് വന്നു കണികാണിക്കുന്നു. അവിടെ ഐശ്വര്യവും സമൃദ്ധിയും വര്‍ഷം മുഴുവന്‍ തുടര്‍ന്നും ഉണ്ടാകും എന്ന വിശ്വാസം അവരെ ആഹ്ലാദഭരിതരാക്കുന്നു.
വിഷു കഴിഞ്ഞു പത്താം ദിവസം സൂര്യന്‍ ഉച്ചസ്ഥായിയില്‍ വരുന്ന ദിവസം ”പത്താമുദയം” എന്നു അറിയപ്പെടുന്നു. ആ ദിവസങ്ങളില്‍ ആദിത്യപൂജ നടത്തുന്നതും ദേവീക്ഷേത്രങ്ങളില്‍ പ്രകൃതീശ്വരീ പൂജ നടത്തുന്നതും ഏറെ പവിത്രമായി കരുതപ്പെടുന്നു. ഈ ദിവസങ്ങളിലെ പ്രഭാതങ്ങള്‍ക്ക് കൂടുതല്‍ തെളിമയും ചൈതന്യവും ഉണ്ടായിരിക്കും എന്നാണ് വിശ്വാസം.
കണി കണ്ടു കഴിഞ്ഞാല്‍ വീട്ടിലെ കാരണവന്മാര്‍ ഇളമുറക്കാര്‍ക്ക് വിഷുക്കൈ നീട്ടം നല്കുക എന്ന ചടങ്ങാണ് നടക്കുക. ചില ഇടങ്ങളില്‍ നാണയത്തോടൊപ്പം വസ്ത്രങ്ങളും നല്‍കുന്ന പതിവുണ്ട്. നാണയത്തോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഐശ്വര്യവും പിന്‍ തലമുറക്കാര്‍ക്ക് നല്‍കുന്നു എന്നാണ് സങ്കല്‍പ്പം. ധന സമ്പാദനത്തിനും അത് സൂക്ഷ്മതയോടെ ചെലവഴിക്കാനും ഈ കൈനീട്ടം ഭാവി തലമുറക്ക് പ്രേരണയും പ്രചോദനവും ആകുന്നു. വീട്ടിലെ കുട്ടികള്‍ക്ക് മാത്രമല്ല ഭൃത്യജനങ്ങള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും ഒക്കെ കൈനീട്ടം കൊടുക്കാറുണ്ട്. നല്‍കുന്ന തുകയല്ല, അതിന്‍റെ പിന്നിലുള്ള വികാരമാണ്, സ്‌നേഹ വല്‍സല്യങ്ങളാണ് പ്രധാനം.
ഗ്രാമപ്രദേശങ്ങളില്‍, വിഷുദിനത്തില്‍ വീട്ടില്‍ വളര്‍ത്തുന്ന പശുക്കളെ കുളിപ്പിച്ചു ഇഷ്ടഭോജനം നല്കി തഴുകി തലോടി സന്തോഷിപ്പിക്കാറുണ്ട്. ഗോസംരക്ഷണം അതീവ പവിത്രമായ ഒരു കര്‍ത്തവ്യമായി കണക്കാക്കി ആണ് ആ കൃത്യം നിര്‍വ്വഹിച്ചിരുന്നത്. ഇന്നും പല സ്ഥലങ്ങളിലും ഈ പ്രക്രിയ തുടര്‍ന്ന് വരുന്നുണ്ട്. വിഷു ദിവസം അതിരാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രദര്‍ശനം കഴിഞ്ഞുവന്നതിനു ശേഷമേ പലരും പ്രഭാതഭക്ഷണം കഴിക്കാറുള്ളൂ. ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. ഇക്കാലത്ത് ലഭിക്കുന്ന ചക്കയും മാങ്ങയും ഒക്കെ കറികല്‍ക്ക് ധാരാളമായ് ഉപയോഗിക്കും വിശിഷ്ടമായ കേരളീയ സസ്യവിഭവങ്ങള്‍ എല്ലാം സദ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കും. വാഴയിലയിലാണ് സദ്യ വിളമ്പുന്നത്.
വിഷുദിനത്തിലും തലേദിവസവും പടക്കങ്ങള്‍ പൊട്ടിക്കുന്നത് കുട്ടികളുടെ ഇഷ്ടവിനോദമാണ്. താരതമ്യേന തീരെ അപകടസാധ്യത ഇല്ലാത്ത മത്താപ്പും കമ്പിത്തിരിയും ഒക്കെ കൊച്ചു കുട്ടികള്‍ വരെ കത്തിച്ച് രസിക്കുന്നു. മുതിര്‍ന്നവര്‍ ഗുണ്ട്, അമിട്ടു തുടങ്ങിയ വലിയ സ്‌ഫോടന ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നു. ജീവിത സായാഹ്നത്തില്‍ എത്തിയവര്‍ക്കാകട്ടെ, ഇത് പൊയ്‌പോയ ജീവിത സുപ്രഭാതങ്ങളെ കുറിച്ചു ഗൃഹാതുരത്വത്തോടെ ഓര്‍മ്മിക്കാനുള്ള നിമിത്തമാകുന്നു. പടക്കം പൊട്ടിക്കലിന് ശാസ്ത്രീയമായ ഒരു വശം കൂടി ഉണ്ട്. അന്തരീക്ഷത്തില്‍ ഉണ്ടായേക്കാവുന്ന രോഗം പരത്തുന്ന അണുക്കള്‍ക്കു നാശം സംഭവിക്കുന്നു എന്നതാണത്.
കാര്‍ഷികവൃത്തിയുമായി അഭേദ്യമായ ബന്ധമുള്ള ഒരു ആഘോഷമാണല്ലോ വിഷു. അത് കൊണ്ട് തന്നെ പണ്ടൊക്കെ ഗ്രാമപ്രദേശങ്ങളില്‍ കാര്‍ഷോകോല്‍പ്പന്നങ്ങളും ഗൃഹോപകരണങ്ങളും മറ്റും വില്‍ക്കുന്ന വിഷു ചന്തകള്‍ അന്നേ ദിവസം ഉണ്ടാകുമായിരുന്നു. സാധാരണ കടകളില്‍ കിട്ടാത്ത പല ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിച്ചിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളും മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളുമൊക്കെ സുലഭമായ ഇക്കാലത്ത് വിഷു ചന്തകള്‍ അപ്രത്യക്ഷമായതില്‍ അത്ഭുതത്തിന് അവകാശമില്ല. എങ്കിലും പഴയ തലമുറയില്‍ പെട്ടവര്‍ ഗൃഹാതുരത്വത്തോടെ അത്തരം ചന്തകളെക്കുറിച്ച് ഓര്‍ക്കാറുണ്ട്. കൂട്ടയും വട്ടിയും പുല്‍പ്പായും മരത്തവിയും മണ്‍കലവും ഒക്കെ നിത്യജീവിതത്തില്‍ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്തരം ചന്തകളും അപ്രസക്തമായിരിക്കുന്നു. വിത്തും കൈക്കോട്ടും, ”അച്ഛന്‍ കൊമ്പത്ത് , അമ്മ വരമ്പത്തു”,”ചക്കയ്ക്കുപ്പുണ്ടോ, കണ്ടാല്‍ മിണ്ടണ്ട”, കൊണ്ടെ തിന്നോട്ടേ” തുടങ്ങിയ കിളി മൊഴികള്‍ വിഷൂ ക്കാലത്ത് നാട്ടിന്‍പുറങ്ങളില്‍ കേള്‍ക്കാമായിരുന്നു. ജ്യോതിശാസ്ത്ര പരമായി ഇന്നും മേട വിഷുവിനെ വര്‍ഷാരംഭമായി കണക്കാക്കുന്നതിനാല്‍ വിഷുഫലമാണ് ഒരു വര്‍ഷത്തെ ഭാവി ഫലമായി ജ്യോതിഷ പണ്ഡിതന്മാര്‍ പ്രവചിക്കാറ്. അത്തരം പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജ്യോതിഷ പ്രസിദ്ധീകരണങ്ങള്‍ക്കും കേരളത്തില്‍ നല്ല പ്രചാരം ഉണ്ട്.
ചിങ്ങം, ധനു, മേടം എന്നീ മൂന്നു മാസങ്ങളിലാണ് കേരളീയരുടെ, പ്രത്യേകിച്ചു ഹൈന്ദവരുടെ മൂന്നു സുപ്രധാന ആഘോഷങ്ങള്‍ നടക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണം, ധനുമാസത്തിലെ തിരുവാതിര മേടമാസത്തിലെ വിഷു എന്നിവയാണ് ആ മൂന്നു ആഘോഷങ്ങള്‍. തിരുവോണം മലയാളിയുടെ മഹോത്സവമായി മാറിക്കഴിഞ്ഞിട്ട് നാളേറെയായി. തിരുവാതിരയ്ക്ക് സ്ത്രീകള്‍ക്കാണു പ്രാധാന്യം. ഈ രണ്ടു ആഘോഷങ്ങളെക്കുറിച്ചും ഒട്ടേറെ ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വിഷുവിനെക്കുറിച്ച് അങ്ങിനെ വൈവിധ്യപൂര്‍ണ്ണമായ ഐതിഹ്യസൂചനകള്‍ ഒന്നുമില്ല. വിളവെടുപ്പ് ഉല്‍സവമാണ്, വര്‍ഷാരംഭമാണ്, തുടങ്ങിയ പ്രസ്താവനകള്‍ മാത്രമേയുള്ളൂ. മറ്റു പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതേ കാലയളവില്‍ സമാനരീതിയിലുള്ള ആഘോഷങ്ങള്‍ നടക്കുന്നു എന്നത് ഇന്ത്യയുടെ സാംസ്‌കാരിക ഐക്യത്തിന്റെ ഉത്തമ നിദര്‍ശനം ആണ്. ഉദാഹരണത്തിന് ആസ്സാമിലെ ”ബീഹൂ” ആഘോഷത്തിന് കേരളത്തിലെ വിഷു ആഘോഷവുമായി വളരെ ഏറെ സാദൃശ്യം ഉണ്ട്. മൂന്നു തവണ ബിഹു ആഘോഷിക്കുന്നുണ്ടെങ്കിലും ഏപ്രില്‍ മാസത്തിലെ ബോഹാഗ് ബിഹു അഥവാ റോംഗാലി ബീഹൂവിനാന് പ്രാധാന്യം. നവവത്സര ആരംഭത്തെയും വസന്താഗമനത്തെയും കുറിക്കുന്ന ഈ ആഘോഷം വിളവെടുപ്പു ഉല്‍സവം കൂടിയാണ്. സദ്യയും പാട്ടും നൃത്തവും ആയി ആണ് അവര്‍ ഈ അവസരം വിനിയോഗിക്കുന്നത്. ചിലര്‍ ഓട്ടുപാത്രങ്ങളും പിച്ചള പാത്രങ്ങളും ചെമ്പ് പാത്രങ്ങളും വീട്ടിന് മുന്നില്‍ വലിയ ഉയരത്തില്‍ കെട്ടി ഇടുന്നു. കുട്ടികള്‍ പുഷ്പഹാരങ്ങള്‍ അണിഞ്ഞ് നൃത്തം ചെയ്യുന്നു. പഞ്ചാബിലെ ”ബൈശാഖി” അഥവാ ”വൈശാഖി”യും സമാനരീതിയിലുള്ള ആഘോഷമാണ്. 1699 ല്‍ സിഖ് മതത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ഈ ആഘോഷത്തിന്റെയും തുടക്കം കുറിച്ചത്. കീര്‍ത്തനാലാപവും സദ്യയും ഭവന സന്ദര്‍ശനവും ഒക്കെ ആഘോഷത്തിന്റെ ഭാഗമാണ്. ”പൊഹേലി വൈശാഖി” എന്ന പേരിലാണ് ഈ ആഘോഷം പശ്ചിമ ബംഗാളിലും തൃപുരയിലും അറിയപ്പെടുന്നത്. തമിഴ് നാട്ടില്‍ ”പുത്തനാണ്ടു ‘ പിറക്കുമ്പോള്‍ ആഹ്ലാദത്തോടെ ജനങ്ങള്‍ ആ അവസരത്തെ എതിരേല്‍ക്കുന്നു. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് അവര്‍ മുതിര്‍ന്നവരുടെ അനുഗ്രഹാശിസ്സുകള്‍ ഏറ്റു വാങ്ങുകയും അവരോടൊപ്പം വിഭവ സമൃദ്ധമായ സദ്യയില്‍ പങ്കെടുക്കുകയും ചെയ്യുന്നു. അന്യ രാജ്യങ്ങളായ ശ്രീലങ്കയിലും ബംഗ്ലാദേശിലും സമാനരീതിയിലുള്ള ആഘോഷങ്ങള്‍ നടക്കുന്നു. ഈ ആഘോഷത്തിന് ഒരു സാര്‍വ്വദേശീയ സ്വഭാവം ഉണ്ടെന്ന് ഇതില്‍ നിന്നു വ്യക്തമാണല്ലോ.
നമ്മുടെ പല പ്രിയപ്പെട്ട കവികളുടെയും പ്രതിഭയെ ഉത്തേജിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുള്ള ആഘോഷമാണ് വിഷു. മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെയും വൈലോപ്പിള്ളി ശ്രീധരമേനോന്റെയും ”വിഷുക്കണി” എന്ന ഒരേ പേരിലുള്ള കവിതകള്‍, പി.കുഞ്ഞിരാമന്‍ നായരുടെ ”വിഷുപ്പക്ഷിയുടെ പാട്ട്”, ബാലാമണിയമ്മയുടെ ”വിഷു”, ”വെള്ളിനാണ്യം” എന്നീ കവിതകള്‍, അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ”വിഷുവല്‍ക്കിനാവ്”, കെ.അയ്യപ്പ പണിക്കര്‍ കണി കൊന്നയെക്കുറിച്ച് എഴുതിയ ”പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ”, ഓ.എന്‍.വി.കുറുപ്പിന്റെ ”എന്തിനിന്നും പൂത്തു” തുടങ്ങിയ കവിതകള്‍ വിഷു വിന്റെ വിവിധ ഭാവങ്ങള്‍ കാവ്യാത്മകമായി നമ്മിലേക്ക് എത്തിക്കുന്നു.
ചലച്ചിത്ര ഗാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. നമ്മുടെ ഭാവനാ സമ്പന്നരായ ഗാനരചയിതാക്കളില്‍ പലരും വിഷു എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദയഹാരിയായ അനേകം ഗാനങ്ങള്‍ രചിച്ചിട്ടുണ്ടു .”അടിമകള്‍” എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ രാമവര്‍മ്മ രചിച്ചു ജി.ദേവരാജന്‍ ഈണം പകര്‍ന്നു പി.സുശീല പാടിയ ”ചെത്തി മന്താരം തുളസി” എന്നാരംഭിക്കുന്ന ഗാനം ഒരു പരമ്പരാഗത ഭക്തിഗാനം പോലെ മലയാളിയുടെ ചൂണ്ടിലും മനസ്സിലും ഇന്നും നിറഞ്ഞു നില്‍ക്കുന്നു.”കൂട്ടുകുടുംബം” എന്ന ചിത്രത്തിന് വേണ്ടി വയലാര്‍ രചിച്ചു ദേവരാജന്‍ സംഗീതം നല്കി യേശുദാസ് പാടിയ ”തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി” എന്ന ഗാനത്തിലും വിഷുവിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ട്.”ഓമനക്കുട്ടന്‍” എന്ന ചിത്രത്തിലെ ”കണി കാണും നേരം കമലാ നേത്രന്‍റെ” എന്ന ഗാനത്തിന്റെ മാധുര്യം വര്‍ണ്ണനാതീതമാണ്.”പകല്‍ക്കി നാവ്” എന്ന ചിത്രത്തിന് വേണ്ടി പി.ഭാസ്‌കരന്‍ രചിച്ചു ബി.എ..ചിദംബരനാഥ് സംഗീതസംവിധാനം നിര്‍വഹിച്ചു എസ്.ജാനകി പാടിയ ”കേശാദി പാദം തൊഴുന്നേന്‍” എന്ന ഗാനവും മലയാളിക്ക് ഒരിയ്ക്കലും മറക്കാനാവില്ല.പി.ഭാസ്‌കരന്‍ തന്നെ എഴുതി ബാബുരാജ് സംഗീതം നല്കി ”ഇരുട്ടിന്‍റെ ആത്മാവു” എന്ന ചിത്രത്തിന് വേണ്ടി ആലപിക്കപ്പെട്ട ‘വാകച്ചാര്‍ത്ത് കഴിഞൊരു” എന്നു തുടങ്ങുന്ന ഗാനവും വിഷുവിനെക്കുറിച്ചുള്ളതാണ്. ”നന്ദനം” എന്ന ചിത്രത്തിനുവേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ചു രവീന്ദ്രന്‍ ഈണം നല്കി കെ.എസ്.ചിത്ര പാടിയ ”മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തി’ എന്നാരംഭിക്കുന്ന ഗാനവും വിഷൂസ്മരണകള്‍ ഉണര്‍ത്തുന്നു. ”ഒരു മുത്തം മണിമുത്തം” എന്ന ചിത്രത്തിന് വേണ്ടി ഓ.എന്‍.വി.കുറുപ്പ് രചിച്ചു രവീന്ദ്രന്‍ സംഗീതം നല്കി യേശുദാസ് പാടിയ ‘ദേവീ നീയെന്‍ പൊന്‍ വീണ” എന്ന ഗാനവും വിഷുവിനെ പരാമര്‍ശിക്കുന്നതാണ്.”വിഷുക്കണി” എന്ന പേരില്‍ ഒരു മലയാള ചലച്ചിത്രം തന്നെ പണ്ട് റിലീസായിട്ടുണ്ട്.
ഇത്തവണ കൊറോണ എന്ന മഹാമാരിയുടെ ഭീതിദമായ ആക്രമണത്തിന്‍റെ അന്തരീക്ഷത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ആഘോഷങ്ങള്‍ ഒന്നുമില്ല. സ്വന്തം വീടുകളില്‍ വിഷുക്കണി ഒരുക്കി ദുരന്തങ്ങളില്‍ നിന്നു കരകയറ്റാന്‍ സര്‍വ്വശക്തനായ ജഗദീശ്വരനോടു നമുക്ക് പ്രാര്‍ഥിക്കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ നിയന്ത്രണങ്ങളെയും നിര്‍ദേശങ്ങളെയും വിനയപൂര്‍വ്വം അനുസരിച്ചു കൊണ്ട് ഈ വിഷു ദിനം നമുക്ക് അതതു വീടുകളില്‍ വെച്ചു പ്രാര്‍ഥനയുടെ ദിനമായി ആചരിക്കാം.
Discussion about this post