തിരുവനന്തപുരം: ഏകാംഗ കക്ഷിയായ കേരള കോണ്‍ഗ്രസി (തോമസ്)ലെ വി. സുരേന്ദ്രന്‍പിള്ളയെ മന്ത്രിയാക്കാന്‍ ഇടതു മുന്നണി നേതൃയോഗം നിശ്‌ചയിച്ചു. മന്ത്രിസഭയുടെ കാലാവധി തീരാന്‍ പത്തു മാസം മാത്രം ബാക്കിനില്‍ക്കെയാണു പിള്ളയ്‌ക്കു നറുക്കു വീണത്. കേരള കോണ്‍ഗ്രസി (തോമസ്)നൊപ്പം ഇടതു മുന്നണിയില്‍ കയറിപ്പറ്റിയ എന്‍സിപിയെ പക്ഷേ തഴഞ്ഞു.പിള്ളയുടെ വകുപ്പ് തീരുമാനിച്ചില്ല. നേരത്തെ കേരള കോണ്‍ഗ്രസ് (ജെ) കൈകാര്യം ചെയ്‌തിരുന്ന പൊതുമരാമത്തു വകുപ്പു തന്നെ കൊടുക്കുമോ എന്നതില്‍ അവ്യക്‌തതയുണ്ട്. കേരള കോണ്‍ഗ്രസ് (ജെ) പിളര്‍ന്നപ്പോള്‍ പി.സി. തോമസിനൊപ്പം നിന്ന ഏക എംഎല്‍എ ആണു തിരുവനന്തപുരം വെസ്‌റ്റിനെ പ്രതിനിധീകരിക്കുന്നസുരേന്ദ്രന്‍പിള്ള (64). ഇതോടെ കേരള കോണ്‍ഗ്രസ് (ജെ) ടിക്കറ്റില്‍ ജയിച്ചുവന്ന നാലുപേരും ഈ സര്‍ക്കാരില്‍ മന്ത്രിയാവുന്ന അപൂര്‍വതയ്‌ക്കും കളമൊരുങ്ങി.
നേരത്തെ മോന്‍സ് ജോസഫ് മന്ത്രിയായപ്പോള്‍ പിള്ളയെയും പരിഗണിച്ചിരുന്നുവെങ്കിലും നറുക്കെടുപ്പില്‍ മോന്‍സിനായിരുന്നു ഭാഗ്യം. അന്നു നഷ്‌ടപ്പെട്ട മന്ത്രിയോഗം ഇപ്പോള്‍ പിളര്‍പ്പിന്റെ രൂപത്തില്‍ പിള്ളയെ അനുഗ്രഹിച്ചു. നേരത്തെ വെസ്‌റ്റില്‍ പിള്ള സ്‌ഥാനാര്‍ഥിയായതും അവസാന നിമിഷമാണ്. നറുക്കെടുപ്പിലൂടെയല്ലാതെ മന്ത്രിയായതില്‍ സന്തോഷമുണ്ടെന്നായിരുന്നു പിള്ളയുടെ ആദ്യപ്രതികരണം.
മന്ത്രിസ്‌ഥാനമടക്കം അഭ്യര്‍ഥിച്ചു പി.സി. തോമസ് വിഭാഗം തിങ്കളാഴ്‌ച നല്‍കിയ കത്ത് എല്‍ഡിഎഫ് ഇന്നലെ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ആരും എതിര്‍ത്തില്ല. തങ്ങള്‍ക്കു വിയോജിപ്പില്ലെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ആദ്യം തന്നെ പറഞ്ഞു. തങ്ങളും അനുകൂലിക്കുന്നു എന്നായി സിപിഐയുടെ കെ.ഇ. ഇസ്‌മായില്‍. സിപിഎമ്മും സിപിഐയും യോജിക്കുന്നുവെങ്കില്‍ പിന്നെ തങ്ങളെന്തു പറയാന്‍ എന്നായി അപ്പോള്‍ ആര്‍എസ്‌പിയുടെ വി.പി. രാമകൃഷ്‌ണപിള്ള. മറ്റു ഘടകകക്ഷികളും പിന്തുണ അറിയിച്ചു.
ഔപചാരികമായി കത്ത് കൊടുക്കാത്തതു തങ്ങളുടെ അയോഗ്യതയായി കരുതരുതെന്ന് അപ്പോള്‍ എന്‍സിപി സംസ്‌ഥാന പ്രസിഡന്റ് എ.സി. ഷണ്മുഖദാസ് പറഞ്ഞു. മുന്നണിയിലെ ഘടകകക്ഷികള്‍ക്കു ലഭിക്കുന്ന എല്ലാ അംഗീകാരവും തങ്ങള്‍ക്കും വേണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസി(തോമസ്)നെക്കാള്‍ ഒരു എംഎല്‍എ കൂടുതലുണ്ടെങ്കിലും അവരുടെ ആവശ്യം മറ്റു ഘടകകക്ഷികള്‍ ഗൗനിച്ചില്ല.
ആദ്യമായി മുന്നണി യോഗത്തിനു വരുമ്പോള്‍ തന്നെ മന്ത്രിപദവി ശക്‌തമായി അവകാശപ്പെടുന്നതിലെ അനൗചിത്യവും എന്‍സിപിക്കു മുന്നിലുണ്ടായിരുന്നു. മന്ത്രിസ്‌ഥാനം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു പുറത്തിറങ്ങിയ ഷണ്മുഖദാസ് പ്രതികരിച്ചു. മുന്നണിയില്‍ അംഗമായതുകൊണ്ട് എല്ലാ കക്ഷികള്‍ക്കുമുള്ള സ്‌ഥാനമാനങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നീട് അതു ലഭിക്കും. ഇപ്പോള്‍ ആ ആവശ്യം ഉന്നയിക്കാന്‍ പാര്‍ട്ടി കമ്മിറ്റി ആലോചിച്ചു തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപിയുടെ മന്ത്രിപദവി ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്‌തിട്ടില്ലെന്നായിരുന്നു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്റെ പ്രതികരണം. സുരേന്ദ്രന്‍ പിള്ളയ്‌ക്ക് ഏതു വകുപ്പ് കൊടുക്കണമെന്നു മുഖ്യമന്ത്രി തീരുമാനിക്കും. പൊതുമരാമത്തു തന്നെ നല്‍കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ വിശ്വന്‍ ഒഴിഞ്ഞുമാറി. പി.ജെ. ജോസഫ് ഒഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ കൈവശമായിരുന്ന പൊതുമരാമത്തു വകുപ്പ് ഇപ്പോള്‍ സിപിഎമ്മിലെ തോമസ് ഐസക്കിന്റെ കൈവശമാണ്. ഇതു താല്‍ക്കാലികമാണെന്നാണു സിപിഎം ഭാഷ്യം.
ഈ സുപ്രധാന വകുപ്പ് ഏകാംഗ കക്ഷിക്കു നല്‍കുമോ എന്ന സന്ദേഹമുണ്ട്. അതേസമയം, മറ്റൊരു വകുപ്പ് നല്‍കാനാണു തീരുമാനമെങ്കില്‍ അതു സിപിഎം തന്നെ കണ്ടെത്തേണ്ടിവരും. തങ്ങളുടെ വകുപ്പുകളൊന്നും വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തിലാണു സിപിഐ. പൊതുമരാമത്തു വകുപ്പ് സ്‌ഥിരമായി സിപിഎം കൈവശം വയ്‌ക്കുന്നതിനോടും അവര്‍ക്ക് എതിര്‍പ്പുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും. കേരള കോണ്‍ഗ്രസ് (തോമസ്) നേതാക്കള്‍ ഇന്നു മുഖ്യമന്ത്രിയെ കാണുന്നുണ്ട്. സത്യപ്രതിജ്‌ഞ ഇടതു മുന്നണി ജാഥ തീരുന്ന നാലിനു ശേഷമേ ഉണ്ടാകൂ.
എന്നാല്‍ ഏഴു മുതല്‍ 10 വരെ സിപിഎം വിശാല കേന്ദ്ര കമ്മിറ്റി യോഗം വിജയവാഡയില്‍ നടക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം വരുന്നതിനു മുന്‍പേ സത്യപ്രതിജ്‌ഞയും നടത്തേണ്ടതുണ്ട്. പിള്ള കൂടി വരുന്നതോടെ വി.എസ്. മന്ത്രിസഭയുടെ അംഗസംഖ്യ വീണ്ടും ഇരുപതാകും. ജനതാദള്‍ പിളര്‍ന്നു മാറിയപ്പോള്‍ ന്യൂനപക്ഷത്തിനു മന്ത്രിപദവി നല്‍കിയ അതേ മാതൃക കേരള കോണ്‍ഗ്രസി (തോമസ്)നോടും അനുവര്‍ത്തിക്കാനുള്ള സിപിഎം തീരുമാനമാണു പിള്ളയ്‌ക്കു തുണയായത്.
Discussion about this post