തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെ ഇളവുകള്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് കേരളത്തിന് ഇളവ് നല്‍കിയിരിക്കുന്നത് എന്നും, തിരുത്തണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകള്‍ പിന്‍വലിച്ചത്.
കേന്ദ്ര നിര്‍ദ്ദേശം ലഭിക്കുന്നതുവരെ കേരളത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടി നല്‍കാം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം സര്‍ക്കാര്‍ പുന:ക്രമീകരിച്ചിട്ടുണ്ട്. രാത്രി ഒന്‍പത് മണിവരെയാണ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം പുന:ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.













