തിരുവനന്തപുരം: റെഡ്സോണുകളിലെ ഹോട്ട്സ്പോട്ടുകളില്‍ കാസര്‍കോട് നടപ്പാക്കിയതു പോലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇവിടങ്ങളില്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കും. പോലീസിനായിരിക്കും ഇതിന്റെ ചുമതല. മറ്റിടങ്ങളിലെ ഹോട്ട്സ്പോട്ട് മേഖലകള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ പരിശോധനയ്ക്ക് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടാവും.
അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയുന്നതില്‍ ജില്ലാ ഭരണകൂടം അലംഭാവവും വിട്ടുവീഴ്ചയും കാട്ടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ വരാന്‍ ശ്രമിക്കുന്നത് ആരായാലും തടയണം. തമിഴ്നാട് സര്‍ക്കാര്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ 60 മണിക്കൂര്‍ ലോക്ക്ഡൗണ്‍ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ തമിഴ്നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് അനുമതിയില്ല. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് കടകള്‍ തുറക്കുന്നതിന് ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഉത്തരവനുസരിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കും. ഇതുസംബന്ധിച്ച് സംസ്ഥാനം ഉടന്‍ ഉത്തരവിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കടകള്‍ തുറക്കുന്നതിന് മുമ്പ് ഇവ ശുചീകരിക്കുകയും കടകളുടെ പരിസരം അണുമുക്തമാക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post