തിരുവനന്തപുരം: അതിഥിതൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് നോണ്‍സ്റ്റോപ്പ് സ്പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വെയോട് നിര്‍ദേശിക്കണമെന്നും സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
അവരെ ബസ്സ് മാര്‍ഗം തിരിച്ചയക്കണം എന്നാണ് നിര്‍ദേശം. കേരളത്തില്‍ 3.6 ലക്ഷം അതിഥിതൊഴിലാളികളുള്ളതിനാല്‍ എന്നാല്‍, അത് പ്രായോഗികമല്ല. അവര്‍ 20,826 ക്യാമ്പുകളിലായാണ് ഇപ്പോള്‍ കഴിയുന്നത്. അവരില്‍ ഭൂരിപക്ഷവും എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ബംഗാള്‍, ഒഡിഷ, ബിഹാര്‍, യുപി, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവരെ കൊണ്ടുപോകാന്‍ സ്‌പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് പ്രാധനമന്ത്രിയോട് നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്രയധികം പേരെ ബസ്സ് മാര്‍ഗം കൊണ്ടുപോകാന്‍ പ്രയാസമാണ്. മാത്രമല്ല, യാത്രയ്ക്കിടെ രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. ഇതു കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് നാം ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുമുണ്ട്.
ശാരീരിക അകലം പാലിച്ചുകൊണ്ടുവേണം തൊഴിലാളികളെ കൊണ്ടുപോകാന്‍. ഓരോ ട്രെയിനിലും മെഡിക്കല്‍ സംഘമുണ്ടാകണം. ഭക്ഷണവും വെള്ളവും ട്രെയിനില്‍ തന്നെ ലഭ്യമാക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും കേരളം ഉന്നയിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് യാത്രചെയ്യാന്‍ അവസരം ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ അവര്‍ക്കിടയില്‍ ഉണ്ടാകാന്‍ ഇടയുള്ള ധൃതിയും അതുമൂലമുള്ള സംഘര്‍ഷങ്ങളും തടയാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധമുള്ള മറ്റ് വകുപ്പുകളുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായം തേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post