വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. നൂറുകണക്കിനു പേരെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ആര്‍ വെങ്കടപട്ടണം ഗ്രാമത്തിലെ എല്‍ജി പോളിമേഴ്സ് കന്പനിയിലെ വാതകപൈപ്പാണ് ചോര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. സ്റ്റെറീന്‍ വാതകമാണു ചോര്‍ന്നതെന്നാണു സൂചന. ശ്വാസതടസം, കണ്ണെരിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍നിന്നു പുറത്തേക്ക് ഇറങ്ങിയോടാന്‍ തുടങ്ങി. പലരും വഴിയില്‍ വീണതായി റിപ്പോര്‍ട്ട് പറയുന്നു. 20 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നതായി റിപ്പോര്‍ട്ടുണ്ട്. ഗുരുതരാവസ്ഥ മുന്നില്‍ക്കണ്ട് 20 ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിക്കുകയാണ്. പോലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്റിന് സമീപത്തെ ജനങ്ങളില്‍നിന്നു പ്രതികരണമുണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണോ എന്നു ആശങ്കയുണ്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കന്പനി ബുധനാഴ്ചയാണ് തുറന്നത്. വിഷവാതക ചോര്‍ച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കിയിട്ടുണ്ട്. എങ്ങനെയാണ് ചോര്‍ച്ചയുണ്ടായതെന്ന് സംഭവിച്ചതെന്ന് വ്യക്തതയില്ല.
Discussion about this post