തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വാടക ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് ഹൃദയം എത്തിക്കും. തിരുവനന്തപുരം കിംസില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച 50കാരിയുടെ ഹൃദയമാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. രാവിലെ 11ന് കിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയാ നടപടികള്‍ പുരോഗമിക്കുന്നു.
പൊലീസ് ഹെലികോപ്ടറിന്റെ ആദ്യ പറക്കലാണിത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ഹൃദയവുമായി ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് എത്തിക്കുക. കൊച്ചി ഹയാത്ത് ഹോട്ടലിന്റെ ഹെലിപാടില്‍ ഹെലികോപ്ടര്‍ ഇറങ്ങും. നാല് മിനിറ്റ് കൊണ്ട് ഹൃദയം ആശുപത്രിയില്‍ എത്തിക്കും. ഇതിനായി ഹയാത്ത് മുതല്‍ ലിസി വരെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കും.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കോതമംഗലം സ്വദേശിനിയായ 49 കാരിക്കാണ് ഹൃദയ ശസ്ത്രക്രിയ നടക്കേണ്ടത്. രണ്ട് മാസമായി സര്‍ക്കാരിന്റെ അവയവ ദാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാത്രി ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ബന്ധപ്പെട്ടാണ് സഹായം തേടിയത്. അല്പസമയത്തിനകം തിരുവനന്തപുരത്ത് ഹൃദയം വേര്‍പെടുത്താന്‍ ശസ്ത്രക്രിയ തുടങ്ങും. ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലാവും ശസ്ത്രക്രിയ.
Discussion about this post