തിരുവനന്തപുരം: ചെമ്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ഗോപിക, ദേവിക, ഗോപീഷ് എന്നിവര്‍ക്ക് ഈ മാതൃദിനം അവിസ്മരണീയം. കാരണം കഴിഞ്ഞ ദിവസം നഷ്ടമായ അവരുടെ അമ്മ ലാലി ഈ മാതൃദിനത്തില്‍ പലര്‍ക്കും പുതുജീവനായി മാറി. ഈ അമ്മ ആയിരങ്ങള്‍ക്ക് ലാലിടീച്ചറാണ്. ആയിരങ്ങളുടെ ജീവിതത്തില്‍ അക്ഷരവെളിച്ചം പകര്‍ന്ന ലാലിടീച്ചര്‍ ഇനി അഞ്ചു പേരുടെ ജീവന്റെ തുടിപ്പായി നിറയും. കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ടീച്ചറുടെ മസ്തിഷ്‌കമരണം സംഭവിച്ചത്. പാവപ്പെട്ട കുട്ടികളോടുള്ള കരുതലും സ്‌നേഹവുമെല്ലാമാണു ലാലിടീച്ചറെ കുട്ടികള്‍ക്കു പ്രിയപ്പെട്ട ടീച്ചറാക്കി മാറ്റിയിരുന്നു. ഒടുവില്‍ മസ്തിഷ്‌കമരണം സംഭവിച്ചപ്പോഴും ആ ജീവിതം മറ്റുള്ളവര്‍ക്കു ജീവന്‍റെ തുടിപ്പായി. ലാലിടീച്ചറുടെ ഹൃദയം ഇനി ഭൂതത്താന്‍കെട്ട് സ്വദേശിനി ലീനയില്‍ തുടിക്കും. തിരുവനന്തപുരം പൗണ്ട്കടവ് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അധ്യാപികയായ ചെന്പഴന്തി അണിയൂര്‍ കല്ലിയറ ഗോകുലത്തില്‍ ലാലി ഗോപകുമാറി(50)നെ കഴിഞ്ഞ നാലിന് പെട്ടെന്ന് രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്നാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ടിനു ടെസ്റ്റ് നടത്തി മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ലാലിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിനു തയാറായി. ഹൃദയത്തിനു പുറമേ വൃക്കകളും കണ്ണുകളും ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം ഭൂതത്താന്‍കെട്ട് ശങ്കരത്തില്‍ ഷിബുവിന്റെ ഭാര്യ ലീന(49)യ്ക്കാണു ഹൃദയം നല്‍കിയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കോര്‍ണിയ തിരുവനന്തപുരം ഗവണ്‍മെന്റ് കണ്ണാശുപത്രിക്കും നല്‍കി.
Discussion about this post