ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദോഹയില്‍നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുലര്‍ച്ചെ. ഞായറാഴ്ച റദ്ദാക്കിയ വിമാനമാണ് ബുധനാഴ്ച എത്തുന്നത്. വന്ദേഭാരത് മിഷനില്‍ തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനമാണിത്. ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാനനിമിഷം മുടങ്ങുകയായിരുന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടേക്ക് ആളുകളെ കൊണ്ടുവന്ന വിമാനമായിരുന്നു തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്നത്. എന്നാല്‍, കരിപ്പൂരില്‍നിന്ന് തിരിച്ച് ദോഹയില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാല്‍ സര്‍വീസ് മുടങ്ങുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് മുടങ്ങിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഖത്തറില്‍നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നതിനാലാണ് ഖത്തര്‍ അനുമതി നിഷേധിച്ചതെന്നും സൂചനയുണ്ട്. ടിക്കറ്റ് ചാര്‍ജ് ഈടാക്കിയാല്‍ രക്ഷാദൗത്യമായല്ല, കൊമേഴ്‌സ്യല്‍ ഫ്‌ലൈറ്റ് ആയി കണക്കാക്കും എന്നതാണ് കാരണം. 15 ഗര്‍ഭിണികളും ഇരുപതു കുട്ടികളും ഉള്‍പ്പെടെ 181 യാത്രക്കാരരാണ് ടിക്കറ്റ് എടുത്തിരുന്നത്.
Discussion about this post