തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കേരളം കടക്കുകയാണെന്നും സമൂഹവ്യാപന ഭീഷണി അകറ്റിനിര്‍ത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിയന്ത്രണം പാളിയാല്‍ കൈവിട്ടുപോകുമെന്നും സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനമുണ്ടായാല്‍ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിപത്ത് നാം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ചുപറയുന്നത്. രോഗബാധിത മേഖലകളില്‍നിന്നു വരുന്നവരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിച്ചുനിര്‍ത്തുകയും സമൂഹവ്യാപനമെന്ന ഭീഷണിയെ അകറ്റിനിര്‍ത്തുകയുമാണ് നമ്മുടെ ലക്ഷ്യം.
കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് നമ്മുടെ സംസ്ഥാനത്താണ്. തുടര്‍ന്ന് രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞു. മറ്റ് രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും പ്രവാസി സഹോദരങ്ങള്‍ ഇപ്പോള്‍ തിരിച്ചെത്തിത്തുടങ്ങി. ഈയാഴ്ച മുതല്‍ കൂടുതല്‍ പേര്‍ നാട്ടിലേക്കെത്തും.
ഇപ്പോള്‍ രോഗബാധിതരായ 32 പേരില്‍ 23 പേര്‍ക്കും വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തുനിന്നാണ്. ഇവരില്‍ ചന്നൈയില്‍നിന്നു വന്ന ആറു പേര്‍ക്കും മഹാരാഷ്ട്രയില്‍നിന്നു വന്ന നാലുപേര്‍ക്കും നിസാമുദീനില്‍നിന്നു വന്ന രണ്ടുപേര്‍ക്കും വിദേശത്തുനിന്നു വന്ന 11 പേര്‍ക്കുമാണ് രോഗബാധയുണ്ടായത്.
സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച ഒന്‍പതു പേരില്‍ ആറുപേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു രണ്ടുപേര്‍ക്കുമാണ് രോഗബാധയുണ്ടായത്. വയനാടിനു പുറത്ത് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായ മറ്റു മൂന്നുപേര്‍ ഗള്‍ഫില്‍നിന്ന് വന്നവരുടെ ഉറ്റവരാണ്.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പാതീതമാണ്. കാസര്‍കോട് മുമ്പ് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒന്‍പതുപേര്‍ക്കും. വയനാട്ടിലെ ട്രക്ക് ഡ്രൈവറില്‍നിന്നും ആറുപേര്‍ക്ക് രോഗം പടര്‍ന്നു. ഇതുവരെ രോഗബാധ വേഗത്തില്‍ കണ്ടെത്താനും ആവശ്യമായ സുരക്ഷയൊരുക്കാനും നമുക്ക് സാധിച്ചു. കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ അവര്‍ക്കും സുരക്ഷയൊരുക്കാന്‍ കഴിയണം. ഇത് വലിയ വെല്ലുവിളിയാണ്. റോഡ്, റെയില്‍, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആളുകള്‍ എത്തുന്നുണ്ട്. ഇതുവരെ സംസ്ഥാനത്ത് റോഡു വഴി 33,116 പേരും വിദേശരാജ്യങ്ങളില്‍നിന്ന് വിമാനങ്ങള്‍ വഴി 1,406 പേരും കപ്പലുകളില്‍ 831 പേരും എത്തിയിട്ടുണ്ട്. ട്രെയിന്‍ സര്‍വീസും ആരംഭിക്കുകയാണ്.
ഇതുവരെയുള്ള പോസിറ്റീവായ കേസുകളില്‍ 70 ശതമാനം പുറമേനിന്ന് വന്നവരാണ്. 30 ശതമാനം അവരില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ലഭിച്ചവരും. രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മരണനിരക്കും വളരെ കുറയ്ക്കാന്‍ നമുക്ക് കഴിഞ്ഞു. ബ്രേക്ക് ദി ചെയിനും ക്വാറന്റൈന്‍-റിവേഴ്‌സ് ക്വാറന്റയിനും വിജയിപ്പിക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് നേട്ടങ്ങള്‍ കൈവരിക്കാനായത്. ഇത് നമുക്ക് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും നല്‍കുന്നുണ്ട്.
ഇനിയുള്ള ഘട്ടത്തില്‍ സ്ഥിതിഗതികളില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. ഇതുവരെ വിദേശത്തുനിന്നുള്ളവര്‍ കേരളത്തിലേക്ക് വരുന്ന അവസരത്തില്‍ വിദേശരാജ്യങ്ങളില്‍ രോഗവ്യാപനം കുറവായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയും അതായിരുന്നു. ഇപ്പോള്‍ ഗള്‍ഫിലും അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ശക്തമായി തുടരുകയാണ്. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് അതത് രാജ്യങ്ങളില്‍ ആന്റിബോഡി ടെസ്റ്റ് നടത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രോഗവ്യാപന തോത് കുറയ്ക്കാന്‍ ഇതു സഹായിക്കും.
ഒരേസമയം നമുക്ക് അനേകം പേരെ സ്വീകരിക്കേണ്ടിവരും. അവര്‍ എല്ലാവരും ഇങ്ങോട്ടു വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്. ഇതിന് എല്ലാ ആളുകളുടെയും സഹായവും സഹകരണവും വേണം. അതുകൊണ്ടുതന്നെ രോഗവ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് എത്തുന്നവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍ബന്ധമായും ശേഖരിച്ചിരിക്കണം എന്ന തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് കോവിഡ് ജാഗ്രത 19 വെബ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും പാസും നിര്‍ബന്ധമാക്കിയത്. നമ്മുടെ സഹോദരങ്ങള്‍ മറ്റ് പല സ്ഥലത്തും അനുഭവിക്കേണ്ടിവരുന്ന പ്രയാസത്തെക്കുറിച്ച് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. സുരക്ഷിതമല്ലാതെ സംസ്ഥാനത്തേക്കുള്ള യാത്രകള്‍ ആ പ്രയാസം വര്‍ധിപ്പിക്കാന്‍ മാത്രമേ ആത്യന്തികമായി ഉപകരിക്കൂ. ഓരോരുത്തരുടെയും സുരക്ഷ ഈ നാടിന്റെ സുരക്ഷയാണ് എന്ന് എല്ലാവരും, അത് പുറത്തുനിന്ന് വരുന്നവരായാലും ഇവിടെയുള്ളവരായാലും ഓര്‍ക്കേണ്ടതുണ്ട്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ ഇപ്പോള്‍ അനുവദിക്കുന്നുണ്ട്. ഹോം ക്വാറന്റൈന്‍ എന്നത് ഫലത്തില്‍ റൂം ക്വാറന്റൈന്‍ എന്നതായി മാറണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നതിനപ്പുറത്തേക്ക് ഈ ഘട്ടങ്ങളില്‍ ആരും പെരുമാറാന്‍ പാടില്ല. കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരുമായി ഒരു തരത്തിലും ബന്ധമുണ്ടാകാന്‍ പാടില്ല എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്.
വരുന്നവര്‍ മാത്രമല്ല, ഇവിടെയുള്ളവരും അക്കാര്യത്തില്‍ ജാഗ്രത കാട്ടണം. കഴിഞ്ഞ ഘട്ടത്തില്‍ എങ്ങനെയായിരുന്നോ നമ്മുടെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത് ആ സൂക്ഷ്മതയോടു കൂടി തന്നെ വരും ദിവസങ്ങളിലും പ്രവര്‍ത്തിച്ചേ മതിയാകൂ. ആരോഗ്യവകുപ്പ് തദ്ദേശസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവരുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ വീട്ടില്‍ തന്നെ ഉണ്ട് എന്ന് ഉറപ്പു വരുത്തല്‍ പോലീസിന്റെ കൂടി ബാധ്യതയായി നിര്‍ദേശിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ പൂര്‍ണമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Discussion about this post