തിരുവനന്തപുരം: രാമകൃഷ്ണ ശാരദാമിഷന്റെ ഭരണസമിതി അംഗവും ശാരദാമഠം ഉപാധ്യക്ഷയുമായ അജയപ്രാണ മാതാജി(94) സമാധിയായി. ആറുദശാബ്ദങ്ങളായി ആദ്ധ്യാത്മിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ശാരദാ മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ മാതാജി വലിയ പങ്കുവഹിച്ചിട്ടുണ്ട്. വേദാന്തക്ലാസുകള്‍ക്കും പ്രഭാഷങ്ങള്‍ക്കും പുറമെ അത്ഭുതാനന്ദ സ്വാമിയുടെ സ്മൃതികഥ, ശിവാനന്ദവാണി എന്നീ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദശപുഷ്പം, വിമന്‍ ഹു ലിവ്ഡ് ഇന്‍ ഗോഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ലോകവ്യാപകമായി ആര്‍ഷഭാരത സംസ്കാരം വിളംബരം ചെയ്യുന്നദൗത്യം ഏറ്റെടുത്ത മാതാജി കര്‍മനിരതമായ ജീവിതത്തിലൂടെ തെളിച്ചുവെന്ന് മിഷന്‍ അംഗങ്ങള്‍ അനുസ്മരിച്ചു.
അജയപ്രാണ മാതാജിയുടെ വിയോഗത്തിലൂടെ സമൂഹത്തിന് ഒരു ഉത്തമ സന്യാസിനിയെ നഷ്ടമായെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുസ്മരിച്ചു. ലോകവ്യാപമായി രാമകൃഷ്ണദേവന്റെയും ശാരദാദേവിയുടെയും സ്വാമി വിവേകാനന്ദന്റെയും സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ മാതാജിയുടെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും സ്വാമി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post