ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാലാം ഘട്ട ലോക്ക്ഡൗണില്‍ വ്യാപകമായ ഇളവുകള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇളവുകള്‍ പിന്‍വലിക്കാനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുമതിയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനത്തിന്റെ തോത് അനുസരിച്ച് സംസ്ഥാനങ്ങള്‍ ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകളായി തിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. റെഡ് സോണുകളിലും വൈറസ് ബാധ കൂടുതല്‍ രേഖപ്പെടുത്തിയ പ്രദേശങ്ങളിലും കണ്ടെയ്‌മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ എന്നിവ ജില്ലാ തലത്തില്‍ അടയാളപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post