തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും മാനേജുമെന്റുകളും തമ്മിലുള്ള കരാര്‍ വ്യാഴാഴ്ച ഒപ്പിടും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.
ഇപ്രകാരം സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലെ പകുതി സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കും. എല്ലാ സീറ്റുകളിലും കഴിഞ്ഞവര്‍ഷം നിലവിലുണ്ടായിരുന്ന അതേ ഫീസ് തന്നെയായിരിക്കും ഈടാക്കുക. അതേസമയം കഴിഞ്ഞ വര്‍ഷം മാനേജ്‌മെന്റ് സീറ്റുകളില്‍ ഈടാക്കിയ 25,000 രൂപ സ്‌പെഷ്യല്‍ ഫീസ് ഇക്കുറി സര്‍ക്കാര്‍ സീറ്റുകളിലും ഈടാക്കും. സര്‍ക്കാരിന് വിട്ടുനല്‍കുന്ന സീറ്റുകളില്‍ അമ്പത് ശതമാനത്തിനാണ് സ്‌പെഷ്യല്‍ ഫീസ് ഈടാക്കുക. ഇതനുസരിച്ച് സര്‍ക്കാര്‍ ക്വാട്ടയിലെ പകുതി സീറ്റുകള്‍ക്ക് 35,000 രൂപയും ബാക്കി പകുതിക്ക് 60,000 രൂപയുമാകും ഫീസ് ഈടാക്കുന്നത്. അലോട്ട്‌മെന്റ് സൗകര്യത്തിനായി എല്ലാ കുട്ടികളില്‍ നിന്നും ആദ്യം 60000 രൂപ ഈടാക്കുമെന്നും അര്‍ഹരായ കുട്ടികള്‍ക്ക് പിന്നീടിതില്‍ നിന്നും സ്‌പെഷ്യല്‍ ഫീസിളവ് നല്‍കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ഇത് കൂടാതെ മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി ന്യൂനപക്ഷസമുദായം നടത്തുന്ന കോളേജുകളില്‍ സര്‍ക്കാരിന് വിട്ടുനല്‍കുന്ന സീറ്റുകളില്‍ 15 ശതമാനം സീറ്റ് അതത് സമുദായത്തിലെ കുട്ടികള്‍ക്കായി നീക്കിവെയ്ക്കും. സെക്യുലര്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ സംഘടനാംഗങ്ങളുടെ കുട്ടികള്‍ക്കാകും ഈ പരിഗണന ലഭിക്കുക.
സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളിലെ കഴിഞ്ഞവര്‍ഷം വരെയുള്ള വാര്‍ഷിക ഫീസ് സര്‍ക്കാര്‍ സീറ്റുകളില്‍ 35000 രൂപയും മാനേജ്‌മെന്റ് സീറ്റുകളില്‍ 99000 രൂപവരെയുമായിരുന്നു. ഇതിന് പുറമേ സ്‌പെഷ്യല്‍ ഫീസ് കൂടി വന്നപ്പോള്‍ മാനേജ്‌മെന്റ് സീറ്റിലെ പരമാവധി ഫീസ് 1.24 ലക്ഷമായി. ഇത് ഇക്കുറിയും തുടരും. മാനേജ്‌മെന്റ് സീറ്റുകളില്‍ മടക്കി നല്‍കുന്ന നിക്ഷേപമായി അഞ്ചു ലക്ഷം രൂപയുമുണ്ട്. സര്‍ക്കാരിന് വിട്ടുനല്‍കുന്ന അമ്പത് ശതമാനത്തില്‍ അവശേഷിക്കുന്നവയില്‍ 35 ശതമാനം സീറ്റാണ് മാനേജ്‌മെന്റിനുള്ളത്. ബാക്കി 15 ശതമാനം സീറ്റ് എന്‍.ആര്‍.ഐ. സീറ്റാണ്.
സ്വാശ്രയ കോളേജുകളിലേക്ക് അസോസിയേഷന്‍ സ്വമേധയാ പ്രവേശനപരീക്ഷ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന പ്രവേശനപരീക്ഷാഫലത്തില്‍ നിന്നും പ്രവേശനം നടത്തിയ ശേഷം അവശേഷിക്കുന്ന സീറ്റുകളിലേക്കാകും അസോസിയേഷന്‍ പരീക്ഷ നടത്തുക. മുഹമ്മദ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാകും പരീക്ഷയെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതനുസരിച്ച് സപ്തംബര്‍ 2ന് ആദ്യഘട്ടം അലോട്ട്‌മെന്റ് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post