തിരുവനന്തപുരം: നിലവിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തില്‍ സമൂഹവ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗവ്യാപനം അധികമാകുന്ന മേഖലകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. വ്യാഴാഴ്ച 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ അഞ്ച് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്. ഈ ആഴ്ചയില്‍ 355 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 27 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മേയ് പത്ത് മുതല്‍ 23 വരെയുള്ള കണക്കനുസരിച്ച് 289 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്. മേയ് പത്തു വരെയുള്ള 644 കേസുകളില്‍ 65 എണ്ണമായിരുന്നു സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ള 577 പേരില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ചത് 45 പേര്‍ക്കാണ്. സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് മനസിലാക്കുന്നതിന് ഓഗ്മെന്റഡ് ടെസ്റ്റ് നടത്തി. ഇതില്‍ നാലു പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതായി കണ്ടത്. സെന്റിനല്‍ സര്‍വൈലൈന്‍സിന്റെ ഭാഗമായി നടത്തിയ സാമ്പിള്‍ പരിശോധനയിലും നാലു പേരെയാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചതായി കണ്ടെത്തിയത്. തിരിച്ചെത്തിയ പ്രവാസികളില്‍ സെന്റിനല്‍ സര്‍വൈലൈന്‍സിന്റെ ഭാഗമായി നടത്തിയ പൂള്‍ഡ് പരിശോധനയില്‍ 29 പേര്‍ പോസിറ്റീവായി. ഈ കണക്കുകള്‍ കേരളത്തില്‍ സമൂഹവ്യാപനം ഇല്ലെന്ന് വ്യക്തമാക്കുന്നു.
സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം വര്‍ധിച്ചാല്‍ ഇപ്പോഴുള്ള നിയന്ത്രണം പോരാതെ വരും. കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ ശരാശരി സംസ്ഥാനത്തിന്റേതിനേക്കാള്‍ കൂടുതലാണ്. സംസ്ഥാനത്ത് 10 ശതമാനം പേര്‍ക്ക് വരുമ്പോള്‍ കണ്ണൂരില്‍ 20 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടാകുന്നു. കണ്ണൂരില്‍ നിലവിലുള്ള 93 കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെയാണ്. അവിടെ കൂടുതല്‍ കര്‍ക്കശ നിലപാടിലേക്ക് പോകേണ്ടി വരും.
കേരളത്തില്‍ 2019 ജനുവരി ഒന്നുമുതല്‍ മെയ് 15 വരെ 93,717 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഇതേ കാലയളവില്‍ 73,155 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് മരണസംഖ്യ 20,562 കുറഞ്ഞു. ഈ ജനുവരി അവസാനമാണ് കോവിഡ് ബാധ കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സമൂഹവ്യാപനമുണ്ടെങ്കില്‍ ഇതായിരിക്കില്ല സ്ഥിതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post