വാഷിംഗ്‌ടണ്‍: താലിബാനെതിരായ പോരാട്ടത്തിനായി പാക്കിസ്ഥാന് നല്‍കുന്ന ആയുധങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥയുണ്‌ടെന്ന് അമേരിക്ക വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള കരാറില്‍ ഇത് സംബന്ധിച്ച വ്യവസ്ഥയുണ്‌ടെന്നും പാക്കിസ്ഥാനുള്ള സഹായം ഇന്ത്യയോടുള്ള നെഗറ്റീവ് സമീപനമല്ലെന്നും യുഎസ് വിദേശകാര്യമന്ത്രാലയം വക്താവ് പിജെ ക്രൗലി വ്യക്തമാക്കി.
പാക്കിസ്ഥാന് അമേരിക്ക നല്‍കുന്ന സഹായം സ്വന്തം അതിര്‍ത്തിക്കുള്ളിലെ ഭീഷണി നേരിടാനാണ്. അത് ഇന്ത്യയ്‌ക്ക് ഭീഷണിയായി കാണേണ്‌ട കാര്യമില്ലെന്നും ക്രൗലി പറഞ്ഞു. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രി എകെ ആന്റണി ആശങ്ക രേഖപ്പെടുത്തിയിരുന്നു. താലിബാനെ നേരിടാന്‍ ആവശ്യമുള്ളതിലും അധികം ആയുധങ്ങള്‍ യുഎസ് പാക്കിസ്ഥാന് നല്‍കിയതായും ഇത് ഇന്ത്യയ്‌ക്കെതിരേ ദുരുപയോഗം ചെയ്യുമോ എന്ന് ആശങ്കയുണ്‌ടെന്നും ആന്റണി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസിന്റെ മറുപടി.പാക്കിസ്ഥാനോട് ഇക്കാര്യം നേരിട്ട് ചോദിച്ചിട്ടുള്ളതാണെന്നും ഇക്കാര്യത്തില്‍ കഴിഞ്ഞ കാലങ്ങളിലെ പാക്കിസ്ഥാന്റെ പ്രവര്‍ത്തനങ്ങളില്‍ വിശ്വസിച്ച് മുന്നോട്ട് പോകാവുന്നതാണെന്നും ക്രൗലി പറഞ്ഞു.
മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാക്കിസ്ഥാന്‍ നിയമത്തിന് മുന്നില്‍ കൊണ്‌ടുവരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്‌ടെന്നും ഇക്കാര്യം പാക്കിസ്ഥാനുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുള്ളതാണെന്നും ക്രൗലി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ആശങ്ക പാക്കിസ്ഥാന്‍ പരിഗണിക്കേണ്‌ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ദൃഢബന്ധം അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്ക്‌് ഗുണകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post