തിരുവനന്തപുരം: ജലസേചനം, ടൂറിസം രംഗത്തെ വിവിധ കിഫ്ബി പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്. ജലസേചനവുമായി ബന്ധപ്പെട്ട ധര്‍മ്മടത്തെ ചേക്കുപാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി, ചേരിക്കല്‍, പാറപ്പുറം പദ്ധതികളും ടൂറിസം രംഗത്തെ മുഴുപ്പിലങ്ങാട്- ധര്‍മ്മടം ബീച്ച് പദ്ധതി, തലശേരി ഹെറിറ്റേജ് പദ്ധതി എന്നിവയാണ് വിലയിരുത്തിയത്. ചേക്കുപാലം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയുടെ ഡിസൈന്‍ കിഫ്ബി ടെക്‌നിക്കല്‍ ടീമിന്റെ സഹായത്തോടെ തയ്യാറാക്കാന്‍ തീരുമാനിച്ചു. 31.8 കോടി രൂപയുടെ പദ്ധതിയാണിത്. ചേരിക്കല്‍, പാറപ്പുറം പദ്ധതികള്‍ 30ന് ചേരുന്ന കിഫ്ബി ബോര്‍ഡ് യോഗം പരിഗണിക്കും.
മുഴുപ്പിലങ്ങാട്- ധര്‍മ്മടം പദ്ധതിക്ക് സി. ആര്‍. സെഡ് ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 233.72 കോടി രൂപയുടെ ബൃഹദ്പദ്ധതിയാണിത്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് 142.5 കോടി രൂപയുടെ തലശേരി ഹെറിറ്റേജ് പദ്ധതി. പഴശ്ശി, കള്‍ച്ചര്‍, ഫോക്ലോര്‍, ഹാര്‍ബര്‍ സര്‍ക്യൂട്ടുകളാണ് ഇതിലുള്ളത്. ആരാധനാലയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളുമുള്‍പ്പെടെ 61 സ്ഥലങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതിന് 37 ഘടകങ്ങളുണ്ട്. ഇതില്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായ ഘടകങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ അനുമതി നല്‍കാന്‍ തീരുമാനമായി.
കിഫ്ബി സി. ഇ. ഒ കെ. എം. എബ്രഹാം, ആഭ്യന്തര ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. എസ്. സെന്തില്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Discussion about this post