തിരുവനന്തപുരം: നിലവില്‍ നൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് ഒന്‍പതു ജില്ലകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മലപ്പുറം (201), പാലക്കാട് (154), കൊല്ലം (150), എറണാകുളം (127), പത്തനംതിട്ട (126), കണ്ണൂര്‍ (120), തൃശൂര്‍ (113), കോഴിക്കോട് (107), കാസര്‍കോട് (102) എന്നിങ്ങനെയാണ് കണക്ക്. മെയ് നാലിനുശേഷം റിപ്പോര്‍ട്ട് ചെയ്ത 2811 കേസുകളില്‍ 2545 പേര്‍ മറ്റു രാജ്യങ്ങളില്‍നിന്നോ സംസ്ഥാനങ്ങളില്‍നിന്നോ വന്നവരാണ്. ജൂണ്‍ 15 മുതല്‍ 22 വരെയുള്ള വിവരങ്ങള്‍ വിശകലനം ചെയ്താല്‍ ആകെ രോഗികളില്‍ 95 ശതമാനവും പുറത്തുനിന്ന് കേരളത്തില്‍ വന്നവരാണ്.
തിരുവനന്തപുരം ജില്ലയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടില്ല.
രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്. അതില്‍ വലുതായി ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധാഭിപ്രായം. കോവിഡ് പകര്‍ച്ചവ്യാധിയുടെ കാര്യത്തില്‍ ലോകത്തെല്ലായിടത്തും 60 ശതമാനത്തോളം കേസുകളിലും രോഗലക്ഷണങ്ങള്‍ വളരെ ലഘുവോ അപ്രത്യക്ഷമോ ആണ്. 20 ശതമാനം കേസുകളില്‍ ലക്ഷണങ്ങള്‍ മിതമായ രീതിയിലാണ്. തീവ്രമായ തോതില്‍ ലക്ഷണങ്ങള്‍ കാണിക്കുന്നത് ബാക്കി വരുന്ന 20 ശതമാനം ആളുകളിലാണ്. അവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ പേരെയാണ് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യേണ്ടതായി വരുന്നത്.
രോഗലക്ഷണങ്ങള്‍ പുറത്തുകാണിക്കാത്തവരില്‍നിന്ന് രോഗപകര്‍ച്ചയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണ്. എന്നാല്‍, നമ്മുടെ സംസ്ഥാനത്ത് ഇത് സാരമായ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്.
വൈറസ് ബാധിക്കുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവര്‍ വീട്ടിനകത്ത് പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പടര്‍ത്താനുള്ള സാധ്യതയാണ് മുന്നിലുള്ളത്. അതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ ഉള്ളതുപോലെ തന്നെയുള്ള കരുതല്‍ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണ്ടതുണ്ട്. പ്രത്യേകിച്ച് വയോധികരും കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോള്‍. നമ്മളില്‍ ആരും രോഗബാധിതരാകാം എന്ന ധാരണയോടെയാണ് ഇടപെടേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Discussion about this post