തിരുവനന്തപുരം: കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്സ്, ഹാന്‍വീവ് ഉല്‍പന്നങ്ങള്‍ റിബേറ്റ് വിലയില്‍ ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ 20 വരെയാണ് ആനുകൂല്യം. റിബേറ്റ് വില്‍പന ഉദ്ഘാടനം ജൂലായ് ഒന്നിന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.
ലോക്ക്ഡൗണായതിനാല്‍ ഇത്തവണ വിഷുവിനും റംസാനും റിബേറ്റ് മേളകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് 14 ദിവസത്തെ റിബേറ്റ് വില്‍പന ദിനങ്ങള്‍ നഷ്ടമായി. ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നു. വരുമാനമില്ലാതെയും അടുത്ത ഉല്‍പാദനത്തിനുള്ള മൂലധനമില്ലാതെയും തൊഴിലാളികള്‍ വിഷമത്തിലായി. ഇതു മറികടക്കാനാണ് സ്പെഷ്യല്‍ റിബേറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഷോറൂമുകള്‍ വഴിയും ജില്ലാ തല മേളകള്‍ നടത്തിയുമാണ് സാധാരണ റിബേറ്റ് വില്‍പന നടത്തിയിരുന്നത്. എന്നാല്‍, സ്പെഷ്യല്‍ റിബേറ്റ് മേളയില്‍ കൈത്തറി സംഘങ്ങള്‍ക്ക് നേരിട്ട് റിബേറ്റ് വില്‍പന നടത്താനാകും. ഇതിലൂടെ നഷ്ടമായ വിപണി വീണ്ടെടുക്കാനും തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനും കഴിയും. ഹാന്‍ടെക്സിന് 90 ഉം ഹാന്‍വീവിന് 46 ഉം ഷോറൂമുകള്‍ കേരളത്തിലുണ്ട്. കൈത്തറി സംഘങ്ങള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 400 കേന്ദ്രങ്ങള്‍ വഴി വിപണനം നടത്തും.
കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്സ്, ഹാന്‍വീവ് വില്‍പ്പനശാലകളിലൂടെയും ഓണ്‍ലൈനായും ഉല്‍പന്നങ്ങള്‍ ലഭിക്കും. സഹകരണ സംഘങ്ങള്‍ ഡോര്‍ ഡെലിവറി നടത്തും. ഓഫീസുകള്‍, നഗരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വാഹനങ്ങളിലും വിപണനം നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും വില്‍പ്പന.
Discussion about this post