തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എം.ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി. നേരത്തെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. തൊട്ടുപിന്നാലെ ആണ് ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്.
മിര്‍ മുഹമ്മദ് ഐഎഎസിന് പകരം ചുമതല നല്‍കി. അതേസമയം, ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കര്‍ തുടരുമെന്ന് ആദ്യം അറിയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മന്ത്രിസഭ അറിയാതെ സ്പ്രിങ്ക്‌ളറുമായി കരാറുണ്ടാക്കിയ ഐടി സെക്രട്ടറി വീണ്ടും വിവാദങ്ങളില്‍ അകപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ശിവശങ്കറിനെ കൈവിട്ടത്. സ്വര്‍ണക്കടത്തിലെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വന്നതിനാലാണ് മുഖ്യമന്ത്രി ഉടനടി നടപടിയെടുത്തത്. സ്വര്‍ണക്കടത്തില്‍ അന്വേഷണം ശക്തമാകുന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നതാണ് ഉചിതമായ തീരുമാനമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കര്‍ സ്വപ്നയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് അയല്‍ക്കാരുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉയര്‍ന്നത്. അതേസമയം ശിവശങ്കരന്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി. ഇതും രണ്ടു സ്ഥാനത്തുനിന്നും നീക്കാന്‍ കാരണമായതായാണ് സൂചന.
Discussion about this post