ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് പൂര്‍ണമായുള്ള സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. സംഘര്‍ഷമുണ്ടായ പ്രദേശത്തു സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടികള്‍ ഇ രുപക്ഷവും സ്വീകരിക്കണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഇരുവരും വീഡിയോ കോള്‍ വഴി രണ്ടു മണിക്കൂര്‍ സമയം നടത്തിയ ചര്‍ച്ചയില്‍ സമ്മതിച്ചു. യഥാര്‍ഥ നിയന്ത്രണരേഖ മാനിക്കുമെന്നും ഏകപക്ഷീയമായ അതിര്‍ത്തി ലംഘനങ്ങള്‍ ഇനിയുണ്ടാകില്ലെന്നും ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ ധാരണയായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂന്നു ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ നിമുവില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്ന മൂന്നു പട്രോളിം ഗ് പോയിന്റുകളില്‍നിന്ന് ഇരുവിഭാഗത്തെയും സൈനികര്‍ ഒന്നര കിലോമീറ്റര്‍ വീതം ഇന്നലെ പിന്മാറി. ഗല്‍വാന്‍ താഴ്വരയിലെ പോയിന്റ് 14, പോയിന്റ് 15, ഹോട്ട് സ്പ്രിംഗ് പ്രദേശത്തെ പോയിന്റ് 17- എ എന്നിവിടങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറിയത്. ഈ മേഖലകളില്‍ ഇപ്പോള്‍ ഇരു സേനകള്‍ക്കിടയില്‍ മൂന്നു കിലോമീറ്റര്‍ അകലമുണ്ട്. ജൂണ്‍ പതിനഞ്ചിന് 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പട്രോള്‍ പോയിന്റ് 14ലെ താത്കാലിക കൂടാരങ്ങളും ചൈന നീക്കംചെയ്തു. ചൈനയുടെ പിന്മാറ്റത്തിന്റെ ആദ്യപടി മാത്രമാണിത്. ഇത് യഥാര്‍ഥ പിന്മാറ്റമാണോ എന്ന് കാത്തിരുന്നു കാണേണ്ടതുണ്ടെന്നാണ് കരസേനാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Discussion about this post