
ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ( എന്‍. ആര്‍. ഇ. ജി.) യുടെ ഭാഗമായുള്ള തൊഴില്‍ദാനം കാര്‍ഷിക വിളപ്പെടുപ്പു കാലത്ത് നിയന്ത്രിക്കണമെന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ആവശ്യം കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തള്ളി. ഇത്തരത്തില്‍ ഒരു നീക്കവുമില്ലെന്ന് ഗ്രാമവികസന മന്ത്രി ജയറാം രമേഷ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. വയലുകളില്‍ കൊയ്യലും വിതയ്ക്കലുമെല്ലാം നടക്കുന്ന സമയങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായുള്ള തൊഴിലുകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ഒരു ഇംഗ്ലീഷ് ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വാര്‍ത്ത ശരിയല്ലെന്ന് ജയറാം രമേഷ് പറഞ്ഞു. തൊഴിലുറപ്പു പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്താനാണ് സര്‍ക്കാറിന്റെ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.
കൃഷിക്ക് മതിയായ ജോലിക്കാരെ കിട്ടാത്തതിനെത്തുടര്‍ന്നാണ് തൊഴിലുറപ്പു പദ്ധതി നിയന്ത്രിക്കണമെന്ന് കൃഷിമന്ത്രാലയം ആവശ്യപ്പെട്ടത്. ഗ്രാമീണ മേഖലകളില്‍ ഭൂരിപക്ഷം തൊഴിലാളികളും താത്പപര്യം കാണിക്കുന്നത് തൊഴിലുറപ്പു പദ്ധതിക്കാണ്. വയലില്‍ എട്ടു മണിക്കൂര്‍ പണിയെടുത്താല്‍ കിട്ടുന്ന വേതനം തൊഴിലുറപ്പു പദ്ധതിയുടെ രണ്ടു മണിക്കൂര്‍ നേരത്തെ ജോലിയില്‍ ലഭിക്കുന്നതിനാല്‍ തൊഴിലാളികളെ അതിലേക്ക് ആകര്‍ഷിക്കുന്നു. കൃഷിപ്പണിക്കാരെ കിട്ടാത്തതിനാല്‍ പലപ്പോഴും വിളവെടുക്കാനാവാതെ വയലുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അതുകൊണ്ടു തന്നെ ഇതുപോലുള്ള അവസരങ്ങളില്‍ തൊഴിലുറപ്പു പദ്ധതി നിയന്ത്രിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി കൃഷിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.
Discussion about this post