തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളില്‍ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അശ്രദ്ധ തുടര്‍ന്നാല്‍ ഏതു നിമിഷവും സൂപ്പര്‍സ്പ്രെഡും തുടര്‍ന്ന് സമൂഹവ്യാപനവും ഉണ്ടാവും. തിരുവനന്തപുരത്തെ സ്ഥിതിവിശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. ടെസ്റ്റ് പോസിറ്റീവ് റേറ്റ് കൊച്ചിയില്‍ കൂടുതലാണ്. അതിനാല്‍ അവിടെ പരിശോധനയുടെ എണ്ണം കൂട്ടും.
നഗരങ്ങളില്‍ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. അതിനാലാണ് ട്രിപ്പില്‍ ലോക്ക്ഡൗണ്‍ പോലെയുള്ള കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത്. കേരളത്തിലെ ഗ്രാമങ്ങളിലും ജനസാന്ദ്രത കൂടുതലാണ്. ഇത് രോഗം വലിയ തോതില്‍ പടരാന്‍ ഇടയാക്കും. ശാരീരികാകലം പാലിക്കുകയും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുകയും ചെയ്യുന്നതില്‍ ഉപേക്ഷ പാടില്ല. നമ്മുടെ മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവനും അശ്രദ്ധ ഭീഷണിയാണെന്ന് ഓര്‍ക്കണം. കോവിഡ് 19 ഭേദമായവര്‍ ഏഴു ദിവസം വീടുകളില്‍ തുടരുന്നുവെന്ന് ഉറപ്പാക്കണം. കേരളത്തിന് വെളിയില്‍ നിന്ന് വന്നവര്‍ ക്വാറന്റൈനില്‍ കഴിയുന്ന വീടുകളില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വിദേശത്തു നിന്ന് വരുന്നവര്‍ പിപിഇ കിറ്റും മാസ്‌ക്കും കൈയുറയും വിമാനത്താവളങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരം നടപടികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളില്‍ ഇതിനായി സ്ഥാപിച്ചിട്ടുള്ള കണ്ടെയ്നറുകളില്‍ തന്നെ ഇവ നിക്ഷേപിക്കണം.
കേരളത്തില്‍ തിരിച്ചെത്തുന്ന അതിഥിത്തൊഴിലാളികള്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഇവരെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്കും കരാറുകാര്‍ക്കുമാണ് ഇതിന്റെ ഉത്തരവാദിത്തം. ഇതിന് തയ്യാറായില്ലെങ്കില്‍ കരാറുകാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും.
ക്രിമിനല്‍ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാ ഫലം 48 മണിക്കൂറില്‍ ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അര്‍ദ്ധസൈനിക വിഭാഗങ്ങളിലുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തതില്‍ സര്‍ക്കാരിന് ഉത്കണ്ഠയുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ അതത് വിഭാഗങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post