കാണ്‍പുര്‍: യുപിയില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കി. തലകീഴായി മറിഞ്ഞ പോലീസ് വാഹനത്തില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവയ്ക്കുകയായിരുന്നെന്ന് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നു. പോലീസുകാരുടെ തോക്കുമായാണ് ദുബെ രക്ഷപെടാന്‍ ശ്രമിച്ചത്. തലയില്‍ വെടിയേറ്റ ദുബെ സംഭവ സ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മധ്യപ്രദേശില്‍ അറസ്റ്റിലായ ദുബെയുമായി ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലേക്ക് വരികയായിരുന്ന പോലീസ് വാഹനം മറിയുകയായിരുന്നു. ദേശീയപാതയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ദുബെയുമായി എത്തിയ മൂന്ന് കാറുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്. ദുബെയുണ്ടായിരുന്ന കാര്‍ തലകീഴായി മറിയുകയായിരുന്നു. ഇതില്‍നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ പോലീസ് പിന്നില്‍നിന്ന് വെടിവയ്ക്കുകയായിരുന്നു. കാണ്‍പുര്‍ ആക്രമണത്തിനുശേഷം വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ദുബെയുടെ കൂട്ടാളികളായ അഞ്ച് അക്രമികള്‍ കൊല്ലപ്പെട്ടു. ഇന്നലെ യുപിയില്‍ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ദുബെയുടെ രണ്ട് അനുയായികളെ പോലീസ് വധിച്ചു. ബുധനാഴ്ച അറസ്റ്റിലായ കാര്‍ത്തികേയ എന്നയാള്‍ പോലീസുകാരന്റെ കൈത്തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കവേയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. പോലീസ് വാഹനത്തിന്റെ ടയര്‍ പഞ്ചറായ തക്കംനോക്കി കാര്‍ത്തികേയ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കാര്‍ത്തികേയ നടത്തിയ വെടിവയ്പില്‍ രണ്ട് എസ്ടിഎഫ് സംഘാംഗങ്ങള്‍ക്കു പരിക്കേറ്റു. പോലീസ് സംഘം നടത്തിയ പ്രത്യാക്രമണത്തില്‍ കാര്‍ത്തികേയ കൊല്ലപ്പെട്ടു. ഇറ്റാവയില്‍ നടന്ന ഏറ്റുമുട്ടലില്‍ പ്രവീണ്‍ എന്ന കുറ്റവാളിയും കൊല്ലപ്പെട്ടു.
Discussion about this post