കൊച്ചി: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി കുറഞ്ഞത് 75 ലക്ഷം രൂപ വീതമെങ്കിലും നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണമെന്നും എയര്‍ ഇന്ത്യയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ദുരന്തത്തില്‍ മരിച്ച കുമ്പള സ്വദേശി മുഹമ്മദ് റാഫിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.എയര്‍ ഇന്ത്യ നേരത്തെ നല്‍കിയ നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണം. പൂര്‍ണ്ണമായ നഷ്ടപരിഹാരത്തുക കണക്കാക്കി ഉടന്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഒന്നര കോടിയെങ്കിലും നഷ്ടപരിഹാരം ലഭിക്കണമെന്നാണ് മരിച്ച മുഹമ്മദ് റാഫിയുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. 2010 മെയ് 22 ന് നടന്ന ദുരന്തത്തില്‍ 52 മലയാളികള്‍ ഉള്‍പ്പെടെ 158 പേര്‍ മരിച്ചിരുന്നു. കാസര്‍കോട് ജില്ലയില്‍നിന്ന് മാത്രം 48 പേര്‍ മരിച്ചു. കാസര്‍കോട് താലൂക്കില്‍നിന്ന് 28 പേരും ഹൊസ്ദുര്‍ഗ്ഗ് താലൂക്കില്‍നിന്ന് 20 പേരുമാണ് മരിച്ചത്.
Discussion about this post