തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷും നാലാം പ്രതി സന്ദീപ് നായരും എന്‍ഐഎയുടെ കസ്റ്റഡിയില്‍. ബംഗളൂരുവില്‍ നിന്ന് ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് ഇവരെ പിടികൂടിയത്. ബംഗളൂരു പോലീസിന്റെ സഹായം അന്വേഷണസംഘത്തിനു ലഭിച്ചു. തിരുവനന്തപുരത്തുനിന്നു കാറില്‍ തെങ്കാശി വഴി തമിഴ്‌നാട്ടിലേക്കു കടന്ന ഇരുവരും പിന്നീട് ബംഗളൂരുവിലെത്തി ഒളിച്ചു താമസിക്കുകയായിരുന്നു. അവിടെ നിന്നു കൊച്ചിയിലെ അഭിഭാഷകനെയും അടുത്ത ചില ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചു. ഈ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയാണ് അന്വേഷണ സംഘത്തിന് ലൊക്കേഷന്‍ സബന്ധിച്ച വിവരം ലഭിച്ചത്. സ്വപ്നയ്‌ക്കൊപ്പം ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു എന്നാണു സൂചന. സ്വപ്നയെയും സന്ദീപിനെയും എന്‍ഐഐ ചോദ്യം ചെയ്തപ്പോഴാണു കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്നു പറഞ്ഞത്. ഇന്നലെ രാത്രിതന്നെ പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്കു തിരിച്ചു. ഇന്നു രാവിലെ കൊച്ചിയിലെത്തും. മുന്‍ കോണ്‍സലേറ്റ് ജീവനക്കാരായിരുന്ന സരിത്കുമാറാണ് ഒന്നാം പ്രതി. സ്വപ്ന സുരേഷ് രണ്ടാം പ്രതിയും. വിദേശത്തുള്ള കൊച്ചി സ്വദേശി ഫൈസല്‍ ഫരീദ് മൂന്നാം പ്രതിയും സ്വപ്നയുടെ ബിനാമിയെന്നു സംശയിക്കുന്ന സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്.
വ്യാഴാഴ്ചയാണു സ്വര്‍ണക്കടത്തുകേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസിലെ നാലു പ്രതികള്‍ക്കുമെതിരേ യുഎപിഎ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കസ്റ്റംസിന്റെ ആവശ്യപ്രകാരം സ്വപ്നയെയും സന്ദീപിനെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിനു രൂപംനല്‍കിയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേര്‍ക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന പറഞ്ഞിരുന്നത്. യു എഇ കോണ്‍സലേറ്റിലെ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് നയതന്ത്ര ബാഗ് ലഭിക്കാന്‍ വൈകുന്നതെന്തെന്ന് അന്വേഷിച്ചതെന്നായിരുന്നു ഇവരുടെ വാദം.
Discussion about this post