ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് മാസം മുതല്‍ ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും തിയതി സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്നും ട്രസ്റ്റ് അംഗങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം പരിപാടികളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും. നിയമസഭയിലെയും കേന്ദ്ര മന്ത്രിസഭയിലെയും മന്ത്രിമാര്‍ ചടങ്ങില്‍ സന്നിഹിതരാകും. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുക്കും.
ശ്രീരാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിന് തിയതി നിശ്ചയിക്കാന്‍ ട്രസ്റ്റ് അംഗങ്ങള്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഇതിലാണ് അടുത്ത മാസം മുതല്‍ ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ ആഗസ്റ്റ് 3 , 5 തിയതികളിലൊന്നില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. ക്ഷേത്രത്തിന് തറക്കല്ലിടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. തറക്കല്ലിടാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് ട്രസ്റ്റ് അംഗങ്ങള്‍ ഇരു തിയതികളും കുറിച്ചുകൊണ്ടുള്ള ക്ഷണക്കത്തും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാകും ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്ന തിയതി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക.
ക്ഷേത്രത്തിന് തറക്കല്ലിടാന്‍ എത്തുന്ന പ്രധാനമന്ത്രി ഏകദേശം നാല് മണിക്കൂറോളം അയോദ്ധ്യയില്‍ ചിലവഴിക്കുമെന്നാണ് പ്രാഥമിക വിവരം. അവിടെ നടക്കുന്ന സൂര്യ പൂജയിലും, ഹനുമാന്‍ഗ്രാഹി പൂജയിലും അദ്ദേഹം പങ്കെടുക്കും. അയോദ്ധ്യയിലെ പ്രധാന സന്യാസിശ്രേഷ്ഠന്‍മാരുമായും ട്രസ്റ്റ് അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചംപത് റായ്, പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ്, മറ്റ് അംഗങ്ങളായ ഗോവിന്ദ് ഗിരി, സ്വാമി പ്രേമാനന്ദ്, കാമേശ്വര്‍ ചൗപല്‍, ഡോ. അനില്‍ മിശ്ര, തുടങ്ങിയവര്‍ ആലോചനായോഗത്തില്‍ പങ്കെടുത്തു.
Discussion about this post