ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ യശസ്സുയര്‍ത്തിക്കൊണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:10 നാണ് ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ അഞ്ച് വിമാനങ്ങള്‍ പറന്നിറങ്ങിയത്. ജലസല്യൂട്ട് നല്‍കിയാണ് വിമാനങ്ങളെ സ്വീകരിച്ചത്. രണ്ടു സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമപാതയിലേക്ക് പ്രവേശിച്ചത്. റഫാലിന്റെ സ്വീകരണത്തോട് അനുബന്ധിച്ച് പടിഞ്ഞാറന്‍ അറബിക്കടലില്‍ ഐഎന്‍എസ് കോല്‍ക്കത്ത യുദ്ധക്കപ്പലിനെ വിന്യസിച്ചിരുന്നു. സമുദ്രാതിര്‍ത്തിയില്‍ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. ഇന്ധനം നിറയ്ക്കാനായി യുഎഇയില്‍ ഇടയ്ക്ക് നിര്‍ത്തിയതൊഴിച്ചാല്‍ തുടര്‍ച്ചയായി പറന്ന് ഇന്ത്യയുടെ ആകാശം തൊട്ടു റഫാല്‍. അതേസമയം, അംബാലയില്‍ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
റഫാലിന്റെ വരവ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ നാഴികക്കല്ലാണിതെന്ന് അദ്ദേഹം കുറിച്ചു. ഫ്രഞ്ച് തുറമുഖ നഗരമായ ബോര്‍ദോയില്‍നിന്ന് 7000 കിലോമീറ്റര്‍ പറന്നാണ് യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 59,000 കോടി രൂപ മുടക്കി 36 അത്യാധുനിക യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ഡസോ ഏവിയേഷനുമായി നാലുവര്‍ഷം മുന്പാണ് ഇന്ത്യ ഒപ്പിട്ടത്. ചൈനീസ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിഞ്ഞുപോകാത്ത സാഹചര്യത്തില്‍ റഫാലിന്റെ സാന്നിധ്യം നിര്‍ണായകമായിരിക്കുമെന്നാണു പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.
വിദഗ്ധനായ പൈലറ്റും കമാന്‍ഡിംഗ് ഓഫീസറുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കിരത് സിംഗ് നയിക്കുന്ന സംഘമാണ് റഫാലിനെ ഇന്ത്യയിലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയത്. ഇതില്‍ വിങ്ങ് കമാന്‍ഡര്‍ വിവേക് വിക്രം എന്ന മലയാളി പൈലറ്റുമുണ്ട്. വെല്ലുവിളികളെ അതിജീവിച്ച് രാജ്യത്തിന്റെ ആകാശക്കോട്ടയ്ക്ക് കാവലാകാനാണ് റഫാല്‍ എത്തുന്നത്. ഐഎന്‍എസ് കൊല്‍ക്കത്ത എന്ന ഇന്ത്യയുടെ അത്യാധുനിക യുദ്ധക്കപ്പല്‍ നല്‍കിയ ജലസല്യൂട്ടിന് ശേഷമാണ് അംബാലയില്‍ റഫാല്‍ പറന്നിറങ്ങിയത്. ഇതിന് ശേഷം ഔദ്യോഗികമായ പ്രൗഢഗംഭീരമായ ചടങ്ങിലൂടെ വിമാനങ്ങള്‍ ഇന്ത്യയുടെ സൈന്യത്തിന്റെ സ്വന്തമാകും.
റഫാല്‍ ജെറ്റുകളിലെ ആദ്യ വിമാനത്തിന് ആര്‍ബി-01 എന്ന നമ്പരാണ് വ്യോമസേന നല്‍കിയിരിക്കുന്നത്. വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയയുടെ പേരില്‍ നിന്നാണ് ആര്‍, ബി എന്നീ രണ്ടു അക്ഷരങ്ങള്‍ എടുത്തിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ധാരണയിലെത്തിയ സംഘത്തിന്റെ ചെയര്‍മാനായിരുന്നു ബദൗരിയ. ഇത് കണക്കിലെടുത്താണ് ഈ നാമകരണം നല്‍കിയത്.
”സ്വര്‍ണ്ണക്കൂരമ്പുകള്‍” (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായിരിക്കും റഫാല്‍ യുദ്ധവിമാനങ്ങള്‍. അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post