ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡീഗോ മറഡോണയെ പുറത്താക്കി. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ് മറഡോണയെ പുറത്താക്കിയത്.അടുത്ത ലോകകപ്പ് വരെ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരണമെന്ന് നേരത്തെ അസോസിയേഷന്‍ മറഡോണയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ ലോകകപ്പിന് തന്നോടൊപ്പമുണ്‌ടായിരുന്ന എല്ലാവരേയും നിലനിര്‍ത്തുന്നെങ്കില്‍ മാത്രമേ താന്‍ പരിശീലകസ്ഥാനം ഏറ്റെടുക്കാനുള്ളൂ എന്ന നിലപാടിലായിരുന്നു മറഡോണ. ഈ തീരുമാനമാണ് അസോസിയേഷനെ ചൊടിപ്പിച്ചത്. അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ ഏകപക്ഷീയമായിട്ടായിരുന്നു മറഡോണയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.
തീരുമാനം വേദനാജനകമാണെന്നും എന്നാല്‍ മറ്റ് വഴികളില്ലെന്നുമായിരുന്നു അസോസിയേഷന്‍ വക്താവ് ഏണസ്റ്റോ ചെര്‍ക്യൂസ് ബയാലോയുടെ പ്രതികരണം. അര്‍ജന്റീനിയന്‍ യൂത്ത് ടീം മാനേജര്‍ സെര്‍ജിയോ ബാറ്റിസ്റ്റയ്‌ക്ക് താല്‍ക്കാലിക പരിശീലകന്റെ സ്ഥാനം നല്‍കിയിട്ടുണ്‌ട്. അടുത്ത മാസം പതിനൊന്നിന് ഡബ്ലിനില്‍ അയര്‍ലാന്‍ഡിനെതിരേ നടക്കുന്ന സൗഹൃദമത്സരത്തില്‍ അര്‍ജന്റീന ബാറ്റിസ്റ്റയ്‌ക്ക് കീഴിലായിരിക്കും ഒരുങ്ങുക.
Discussion about this post