വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജ കമല ഹാരിസ്(55) അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ഏഷ്യന്‍-ആഫ്രിക്കന്‍ പാരന്പര്യമുള്ള ഒരു വനിത ഈ പദവിയില്‍ മത്സരിക്കുന്നത് ഇതാദ്യമാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബൈഡന്റെ തീരുമാനം ചരിത്രപരമാണെന്ന് അമേരിക്കയിലെ ഇന്ത്യന്‍, ആഫ്രിക്കന്‍ വംശജര്‍ വിശേഷിപ്പിച്ചു. ചെന്നൈ സ്വദേശിനിയായ ഡോ. ശ്യാമള ഗോപാലന്‍ ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡോണള്‍ഡ് ഹാരിസ്. കലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്റര്‍ ആണ് കമല. ധീരയായ പോരാളി എന്നാണു ജോ ബൈഡന്‍ കമലയെ വിശേഷിപ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതാസ്ഥാനാര്‍ഥിയെ അവതരിപ്പിക്കുമെന്നു മാര്‍ച്ചില്‍ ബൈഡന്‍ ഉറപ്പുനല്കിയിരുന്നു. ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ അമേരിക്കയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് കമലയുടെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റിക് പാര്‍ട്ടിക്കു ഗുണകരമാകുമെന്നാണു വിലയിരുത്തല്‍. കമലയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയും സാധാരണക്കാരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ പോരാടിയആളാണു കമലയെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 13 ലക്ഷം ഇന്ത്യന്‍ വംശജര്‍ക്ക് വോട്ടവകാശമുണ്ട്. പെന്‍സില്‍വാനിയയില്‍ രണ്ടു ലക്ഷവും മിഷിഗണില്‍ 1.25 ലക്ഷവും ഇന്ത്യ ന്‍ വംശജരായ വോട്ടര്‍മാരുണ്ട്. രണ്ടു സംസ്ഥാനങ്ങളും നിര്‍ണായകമാണ്.













