ഡല്‍ഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം മുതലാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കരുത്. കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ജനറല്‍ ബിപിന്‍ റാവത്ത് വ്യക്തമാക്കി.
ലഡാക്കില്‍ സംഘര്‍ഷാവസ്ഥ തുടരവെ കര-വ്യോമസേന മേധാവിമാര്‍ ചൈനീസ് അതിര്‍ത്തിയിലെത്തി സ്ഥിതി നേരിട്ട് വിലയിരുത്തി. അതിര്‍ത്തിയിലെ സമാധാനത്തിന് തടസ്സം നില്‍ക്കുന്നത് ചൈനയുടെ ഏകപക്ഷീയ നടപടികളെന്ന് വിദേശാകാര്യമന്ത്രാലയം ആഞ്ഞടിച്ചു. പബ്ജി നിരോധിച്ചത് നിയമവിരുദ്ധമെന്ന ചൈനയുടെ ആരോപണം ഇന്ത്യ തള്ളി.
ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിര്‍ത്തി ലംഘിക്കാന്‍ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു. മലനിരകളില്‍ സേനയെ നിയോഗിച്ചാണ് ഇന്ത്യ ചൈനയ്ക്ക് ചുട്ട മറുപടി നല്‍കുന്നത്. ഇതുവരെ കടക്കാത്ത പ്രദേശങ്ങളില്‍ ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ വരെ എത്തിച്ചാണ് പ്രതിരോധം. അതിര്‍ത്തിയിലെ തയ്യാറെടുപ്പ് സേനാ മേധാവിമാര്‍ നേരിട്ട് വിലയിരുത്തുകയാണ്.
കരസേന മേധാവി ജനറല്‍ എംഎല്‍ നരവനെ രണ്ടു ദിവസം ലഡാക്കിലുണ്ടാകും. കിഴക്കന്‍ കമാന്‍ഡിലെ മറ്റു മേഖലകളില്‍ എത്തി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ സ്ഥിതി നിരീക്ഷിച്ചു. എന്തിനും സജ്ജമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യോമസേന മേധാവിയെ അറിയിച്ചു. സ്ഥിതി വഷളാകുന്നതിന്റെ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന് ഇന്ത്യ ശക്തമായ ഭാഷയില്‍ തുറന്നടിച്ചു.













