ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പൊളിച്ച് പുതുക്കി പണിയുന്നതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ജസ്റ്റീസ് റോഹ്ഗ്ടണ്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. പാലം പൊളിക്കുന്നതിന് മുന്‍പ് ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി, സംസ്ഥാന സര്‍ക്കാരിന് അടിയന്തിരമായി പുതിയ പാലം പണിയാനുള്ള നടപടികളിലേക്ക് കടക്കാമെന്നും സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. പാലത്തിന്റെ ദുര്‍ബലസ്ഥിതി ചൂണ്ടിക്കാട്ടി മദ്രാസ് ഐഐടി തയാറാക്കിയ റിപ്പോര്‍ട്ട് ഉള്‍പ്പടെ ഹാജരാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പാലം നിലനില്‍ക്കുമോ എന്നറിയാന്‍ ലോഡ് ടെസ്റ്റ് നടത്തിയത് കൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. മേല്‍പ്പാലം പുതുക്കി പണിതാല്‍ 100 വര്‍ഷം വരെ ആയുസ് ലഭിക്കും. പാലത്തില്‍ അറ്റകുറ്റ പണി നടത്തിയാല്‍ 20 വര്‍ഷം വരെയെ ആയുസ് ലഭിക്കുകയുള്ളു എന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. കേരള സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ഹാജരായി.
Discussion about this post