ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ എ.രാജയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ആഭ്യന്തരമന്ത്രി ചിദംബരവും രാജി വയ്ക്കണമെന്നു ബിജെപി. ഇരുവരും പദവിയില്‍ തുടരാന്‍ അര്‍ഹരല്ല. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് വ്യക്തമായെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പറഞ്ഞു. 2ജി ഇടപാടില്‍ രാജയ്ക്കു മാത്രമല്ല പങ്കെന്നു ബിജെപി നേരത്തെ പറഞ്ഞിരുന്നതാണ്. കോണ്‍ഗ്രസ് സഖ്യകക്ഷിയുടെ മന്ത്രിയെ ബലിയാടാക്കി. വിഷയം എങ്ങനെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുമെന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി വിശദീകരിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകായുക്ത റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തു വന്നശേഷം ബിജെപിയുടെ ഭാഗത്തു നിന്ന് ഉചിത നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടിയെടുത്താലും അംഗീകരിക്കണമെന്നു കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനം അനുസരിക്കുമെന്ന് കാണിച്ച് യെഡിയൂരപ്പ കത്തു നല്‍കിയതായും ഗഡ്കരി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post