ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക്, മുഖ്യ നിരക്കുകളായ റിപോയും റിവേഴ്‌സ് റിപോയും ഉയര്‍ത്തി. അര ശതമാനം വീതമാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതോടെ റിപോ നിരക്ക് 8 ശതമാനവും റിവേഴ്‌സ് റിപോ 7 ശതമാനവുമാകും. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപോ നിരക്ക്.
കാല്‍ ശതമാനം വീതം വര്‍ധനവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പണപ്പെരുപ്പം ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ അര ശതമാനം വീതം ഉയര്‍ത്തുകയായിരുന്നു. ജൂണ്‍ മാസത്തില്‍ 9.44 ശതമാനത്തിലെത്തിയ പണപ്പെരുപ്പം വൈകാതെ 10 ശതമാനത്തിന് മുകളിലാകുമെന്നാണ് കരുതുന്നത്. ഡീസല്‍ വില വര്‍ധിപ്പിച്ചതും പണപ്പെരുപ്പം ഉയരാന്‍ ഇടയാക്കും. ഒന്നര വര്‍ഷത്തിനിടെ ഇത് പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക്, നിരക്കുകള്‍ ഉയര്‍ത്തുന്നത്. റിപോ നിരക്ക് 2008 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. റിവേഴ്‌സ് റിപോ ആകട്ടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയിലെ ഉയരത്തിലും.
Discussion about this post