തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 14 നുമാണ് തിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ് . വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും. മാതൃകാപെരുമാറ്റ ചട്ടം പ്രാബല്യത്തില്‍ വന്നു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം കമ്മീഷന്‍ നവംബര്‍ 12 ന് പുറപ്പെടുവിക്കും. അന്ന് തന്നെ വരണാധികാരികള്‍ എല്ലാ വാര്‍ഡിലെയും തിരഞ്ഞെടുപ്പ് നോട്ടീസ് (ഫാറം1) പ്രസിദ്ധീകരിക്കും.
മട്ടന്നൂര്‍ നഗരസഭ ഒഴികെയുളള 1199 സ്ഥാപനങ്ങളിലെ 21865 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകളിലും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകളിലും 86 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകളിലും 6 കോര്‍പ്പറേഷനുകളിലെ 414 വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്.
കോവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും പൊതു തിരഞ്ഞെടുപ്പ്. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ച് തയ്യാറാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, ഗ്ലൗസ്, സാനിട്ടൈസര്‍, സാമൂഹ്യ അകലം എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുഗമമായി നടത്തിപ്പിന് ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് ചീഫ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവരുമായി കമ്മീഷന്‍ കൂടിയാലോചന നടത്തിയിരുന്നു.
പൊതുതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 1,29,25,766 പുരുഷ•ാരും 1,41,94,725 സ്ത്രീകളും 282 ട്രാന്‍സ് ജെണ്ടറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ആകെ 2,71,20,823 വോട്ടര്‍മാരാണുള്ളത്.
അന്തിമപട്ടികയില്‍ ഇല്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്ടോബര്‍ 31 വരെ അവസരം നല്‍കിയിരുന്നു. അതനുസരിച്ചുള്ള സപ്ലിമെന്ററി പട്ടികകള്‍ നവംബര്‍ 10 ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേയ്ക്കായി ആകെ 34,744 .പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ക്ക് 29,321 എണ്ണവും, മുനിസിപ്പാലിറ്റികള്‍ക്ക് 3422, കോര്‍പ്പറേഷനുകള്‍ക്ക് 2001 എണ്ണവുമാണ്.
എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും വരണാധികാരികളെയും ഉപവരണാധികാരികളെയും നിശ്ചയിച്ച് കമ്മീഷന്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അവര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌ക്ക്, സാനിട്ടൈസര്‍, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ കമ്മീഷന്‍ ലഭ്യമാക്കും. കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടാണ്. പോളിംഗിന് മൂന്ന് ദിവസം മുമ്പ് വരെ പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാം. പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്ക് സാനിട്ടൈസറും ബ്രേക്ക് ദി ചെയിന്‍ സൗകര്യവും ലഭ്യമാക്കും.
ക്രിസ്മസിന് മുമ്പ് പുതിയ ഭരണ സമിതികള്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്നതിന് നടപടിയുണ്ടാകും. ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് കോര്‍പ്പറേഷനുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് പകുതി തുക മാത്രം.
ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്ത് കോര്‍പ്പറേഷനുകളില്‍ 1,50,000 രൂപയുമാണ് പരമാവധി ചെലവഴിക്കാവുന്നത്.
Discussion about this post