മുംബൈ: ജയില്‍ മോചിതനായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് വമ്പന്‍ സ്വീകരണം. നവി മുംബൈയിലെ തലോജ ജയിലിനു മുന്നില്‍ വന്‍ ജനാവലിയാണ് അര്‍ണബിനെ സ്വീകരിക്കാനെത്തിയത്. അര്‍ണബ് പുറത്തിറങ്ങുന്നതും കാത്ത് നിന്നവര്‍ വഴിയോരങ്ങളില്‍ ദീപം തെളിയിച്ചാണ് അദ്ദേഹത്തെ വരവേറ്റത്.
താലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്വെ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ബുധനാഴ്ച അര്‍ണബിനെ അറസ്റ്റ് ചെയ്തത്. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായും ബലമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നും അര്‍ണബ് പരാതി ഉന്നയിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സ്മൃതി ഇറാനി അടക്കമുള്ളവര്‍ അര്‍ണബിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മാദ്ധ്യമ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുവെന്നും അടിയന്തരാവസ്ഥയ്ക്ക് സമാനമെന്നുമായിരുന്നു ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍.
അതേസമയം, അര്‍ണബിന്റേത് തീവ്രവാദ കേസല്ലെന്നും സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കാനാകില്ലെന്നും ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രാ സര്‍ക്കാരിന്റേയും ബോംബൈ ഹൈക്കോടതിയുടേയും നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്നും ചൂണ്ടിക്കാട്ടി.
Discussion about this post