കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഇരുമ്പനം ടെര്‍മിനലില്‍ നിന്ന്‌അളവില്‍ കൂടുതല്‍ ഇന്ധനം കടത്തിയ കേസില്‍ അസിസ്‌റ്റന്റ് മാനേജര്‍ അടക്കം നാലുപേര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഒസി അസി.മാനേജര്‍ ചെമ്പുമുക്ക് ഉദയവിഹാറില്‍ എം.എസ്.രവീന്ദ്രനാഥാണു ഒന്നാം പ്രതി. ഇന്ധന ടാങ്കര്‍ ലോറി ഡ്രൈവര്‍ ആലപ്പുഴ പുന്നപ്ര നോര്‍ത്ത് കപ്പാരിച്ചിറയില്‍ പി.ബിജു, സഹായി മലപ്പുറം കാത്തക്കാട്ടു മടത്തിക്കാട്ട് സുബൈര്‍ അസ്‌ലം, ടാങ്കര്‍ ലോറി സൂക്ഷിപ്പുകാരന്‍ അങ്കമാലി തുറവൂര്‍ നെടുവേലില്‍ എന്‍.വി.ശിവന്‍ എന്നിവരാണു മറ്റു പ്രതികള്‍.
ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കിളിമാനൂര്‍ ഷൈജു ഫ്യുവല്‍സ് മാനേജര്‍ സുനില്‍, തൃശൂര്‍ ടിവിഎസ്
പെട്രോളിയം മാനേജര്‍ പി.എ.ജോസ്‌പോള്‍ എന്നിവരെ കേസില്‍ മാപ്പുസാക്ഷികളാക്കിയാണു സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. സിബിഐ കൊച്ചി യൂണിറ്റ് എസ്‌പി എസ്.ഷൈനിയുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്‌ടര്‍ ജെ.ആര്‍. ഡിക്രൂസാണ് കേസന്വേഷിച്ചു സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ.പി.ജ്യോതീന്ദ്രനാഥ് മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.
രവീന്ദ്രനാഥിന്റെ ഒത്താശയോടെ ഗൂഢാലോചന നടത്തി ഇരുമ്പനം ടെര്‍മിനലില്‍ നിന്നു പെട്രോള്‍, മോട്ടോര്‍ സ്‌പിരിറ്റ്, ഡീസല്‍ എന്നിവ അളവില്‍ കൂടുതല്‍ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണു സിബിഐ കേസെടുത്തത്. ഇതില്‍ 2009 ജൂണ്‍ 11, ജൂലൈ നാല്, 20 തീയതികളില്‍ 348 മുതല്‍ 612 ലീറ്റര്‍ വരെ
ഡീസല്‍ കടത്തി മറിച്ചു വിറ്റതിന്റെ തെളിവുകള്‍ കണ്ടെത്തിയാണു കുറ്റപത്രം നല്‍കിയത്.
തട്ടിപ്പു തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ വിവരം അറിഞ്ഞു സിബിഐ പിടികൂടിയതിനാല്‍ ഓയില്‍ കമ്പനിക്കു വന്‍ നഷ്‌ടമുണ്ടായിട്ടില്ലെങ്കിലും, കണ്ടെത്തിയ രേഖകള്‍ അനുസരിച്ചു 67,291 രൂപയുടെ ഡിസല്‍ കടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കൊല്ലം നീണ്ടകര സ്വദേശി തോമസ് ബെന്‍, തൃശൂര്‍ കൊരട്ടി സ്വദേശി കെ.എം.രാജു എന്നിവര്‍ക്കു പ്രതികള്‍ ലീറ്ററിനു 29 രൂപയ്‌ക്കു ഡീസല്‍ മറിച്ചു വിറ്റതായും സിബിഐ കണ്ടെത്തി. ഡീലര്‍മാര്‍ക്കു ലീറ്ററിനു 33.61 മുതല്‍ 35 രൂപവരെ ഡീസല്‍ വില്‍പ്പന നടത്തിയിരുന്ന കാലത്താണ് അളവില്‍ കൂടുതല്‍ കടത്തി 29 രൂപയ്‌ക്കു വിറ്റത്.
Discussion about this post