ന്യൂഡല്‍ഹി: 2020 വര്‍ഷത്തെ രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊറോണ വ്യാപനത്തിനിടയിലെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തിയാണ് ആഭ്യന്ത്ര മന്ത്രാലയം പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളുടെ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനായും സ്റ്റേഷന് പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യകരമായ മത്സരം കൊണ്ടുവരുന്നതിനുമായാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും രാജ്യത്തുടനീളം മികച്ച പ്രകടനം നടത്തുന്ന പോലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കുന്നത്.
മണിപ്പൂരിലെ തൗബാല്‍ ജില്ലയിലുള്ള നോങ്പോക്സെക്മയി പോലീസ് സ്റ്റേഷനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടി. തമിഴ്നാട്ടിലെ സേലം സിറ്റിയിലെ എ.ഡബ്ല്യു.പി.എസ്-സുരമംഗലം രണ്ടും അരുണാചല്‍ പ്രദേശിലെ ചാംഗ്ലാങ് ജില്ലയിലുള്ള ഖര്‍സാങ് സ്റ്റേഷന് മൂന്നും ഛത്തീസ്ഗഡിലെ സൂരജ്പൂര്‍ ജില്ലയിലെ ജില്‍മിലി സ്റ്റേഷന് നാലും ഗോവയിലെ ദക്ഷിണ ഗോവ ജില്ലയിലുള്ള സാങ്കും സ്റ്റേഷന് അഞ്ചും സ്ഥാനങ്ങള്‍ നേടി.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നോര്‍ത്ത് & മിഡില്‍ ആന്‍ഡമാന്‍ ജില്ലയിലുള്ള കാളിഘട്ട് സ്റ്റേഷനാണ് പട്ടികയില്‍ ആറാമതുള്ളത്. സിക്കിമിലെ കിഴക്കന്‍ ജില്ലയിലുള്ള പക്യോങ് സ്റ്റേഷന് ഏഴാം സ്ഥാനത്തും ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള കാന്ത് സ്റ്റേഷന് എട്ടാം സ്ഥാനത്തും ദാദ്ര & നഗര്‍ ഹവേലിയിലെ ഖാന്‍വേല്‍ സ്റ്റേഷന് ഒന്‍പതാം സ്ഥാനത്തും തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലുള്ള ജമ്മികുന്ത ടൗണ്‍ പോലീസ് സ്റ്റേഷന് പത്താം സ്ഥാനത്തുമാണുള്ളത്.
2015 ല്‍ ഗുജറാത്തിലെ കച്ചില്‍ നടന്ന കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് രാജ്യത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് റാങ്കിംഗ് നല്കാന് തീരുമാനിച്ചത്. പോലീസ് സ്റ്റേഷനുകള്‍ ഗ്രേഡുചെയ്യുന്നതിന് ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍ അവയുടെ പ്രകടനം വിലയിരുത്തി റാങ്കിംഗ് നല്കുവാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.
Discussion about this post