തിരുവനന്തപുരം: ബ്രഹ്‌മപുരത്ത് 4419 കോടി രൂപയുടെ കംബൈന്‍ഡ് സൈക്കിള്‍ വൈദ്യുതി പദ്ധതിക്കു ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാതകാധിഷ്‌ഠിത പദ്ധതിയില്‍ നിന്ന് 1026 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനമാണു പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 95 ഐസിഡിഎസ് പദ്ധതികളുടെ പ്രവര്‍ത്തനമാരംഭിക്കാന്‍ തസ്‌തികകള്‍ സൃഷ്‌ടിക്കാനും തീരുമാനിച്ചു.
മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ മുന്‍പാകെയുള്ള കേസുകള്‍ സംസ്‌്‌ഥാന ഇന്‍ഷുറന്‍സ് വകുപ്പിനുവേണ്ടി നടത്താനായി 41 ഗവ. പ്ലീഡര്‍മാരുടെ തസ്‌തിക സൃഷ്‌ടിക്കും. കാരിക്കയം ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ 51 ഏക്കര്‍ ഭൂമി അതിവേഗ പദ്ധതിയില്‍ ഏറ്റെടുക്കും.ശ്രീ അയ്യപ്പ ഹൈഡ്രോ പവര്‍ കമ്പനി പദ്ധതി ദോഷകരമായി ബാധിക്കുന്നവരെ പുനരധിവസിപ്പിക്കാനാണിത്.
ഇടുക്കി തങ്കമണിയില്‍ പൊലീസ് ഔട്ട് പോസ്‌റ്റ് അനുവദിക്കും. ഇതിനായി 12 തസ്‌തികകള്‍ അനുവദിച്ചു. കേരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ് ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കോഴിക്കോട് ജില്ലകളിലും ജില്ലാ ഓഫിസുകള്‍ തുറക്കും. പട്ടികജാതി ക്ഷേമ വകുപ്പിന്റെ പൂള്‍ ഫണ്ട് ഉപയോഗിച്ചു പാലക്കാട് കുഴല്‍മന്ദത്തു മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്‌നിക് സ്‌ഥാപിക്കും.പത്രപ്രവര്‍ത്തക-പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ആശ്രിത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ഓണത്തിന് 1000 രൂപയുടെ അലവന്‍സ് നല്‍കുമെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.
Discussion about this post