കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഇഡിയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്ന് രാവിലെയാണ് രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ ഹാജരായത്. ഇന്ന് ഹാജാരാകണമെന്നാവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ള സി എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോയെന്നതില്‍ സംശയമായിരുന്നു. എന്നാല്‍ കോടതി വിധി എതിരാകുമെന്ന വിലയിരുത്തലിലാണ് ചോദ്യം ചെയ്യലിന് എത്തിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നുവെന്നാവശ്യപ്പെട്ടായിരുന്നു രവീന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുമ്പ് മൂന്ന് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും സി എം രവീന്ദ്രന്‍ അസുഖകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല. കഴിഞ്ഞ മാസം 6, 27 തീയതികളിലും, ഈ മാസം 10നും ഇഡി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ രവീന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. സ്വപ്ന, സരിത്, എം.ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രവീന്ദ്രനെയും ചോദ്യം ചെയ്യുന്നത്. ലൈഫ്മിഷന്‍, കെ ഫോണ്‍ പദ്ധതികളിലെ ഇടപാടുകളും ഇഡി അന്വേഷിക്കുകയാണ്.
Discussion about this post