ന്യൂഡല്‍ഹി: ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രതയോടെ പഠിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം നേരിടുന്നതിനായി രൂപീകരിച്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ യോഗത്തിനു ശേഷമാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇക്കാര്യം അറിയിച്ചത്.
അതേസമയം, അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയ ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഡിസംബര്‍ 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈ അടക്കമുള്ള അഞ്ച് നഗരങ്ങളില്‍ ജനുവരി അഞ്ചു വരെ മഹാരാഷ്ട്ര സര്‍ക്കാര്‍ രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ലോകത്തെ അറിയിച്ചത്. ഇതിന് ആദ്യ വൈറസിനേക്കാള്‍ 70 ശതമാനം അധിക വ്യാപനശേഷിയുണ്ടെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടനു പുറമേ യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഡെന്മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ജനിതക വ്യതിയാനം വന്ന വൈറസുകളെ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. പുതിയ സ്ഥിതിഗതികളെക്കുറിച്ച് ഗവേഷകരും ശാസ്ത്രജ്ഞരും ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണെന്നും രോഗബാധ സംബന്ധിച്ച് ഭാവനാ സൃഷ്ടികളിലൂടെ പരിഭ്രാന്തി പരത്തരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഡിസംബര്‍ 31 വരെ ബ്രിട്ടനില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കാനും മറ്റ് രാജ്യങ്ങളിലൂടെ ബ്രിട്ടനില്‍നിന്നുള്ളവര്‍ രാജ്യത്തെത്തുന്നത് തടയാനുമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. മുന്‍കരുതലിന്റെ ഭാഗമായി ഇന്നലെ അര്‍ധരാത്രിക്കു മുന്പായി യുകെയില്‍നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും നിര്‍ബന്ധിത ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഈ പരിശോധനയില്‍ പോസിറ്റീവായി കണ്ടെത്തുന്നവരെ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ താമസിപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. യുകെയില്‍നിന്നും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ജര്‍മനി, ഇറ്റലി, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, സ്വിറ്റ് സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളും നിര്‍ത്തിവച്ചു. കാനഡ, കുവൈറ്റ്, കൊളംബിയ, മൊറോക്കോ, ഇറാന്‍, ഇസ്രയേല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ യുകെ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സൗദിയുടെ എല്ലാ അതിര്‍ത്തികളും അടച്ചു. ബ്രിട്ടനില്‍ നാലാഴ്ചത്തേക്ക് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post