കോട്ടയം: ഏറെ നാളുകള്‍ക്കുശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ നീണ്ടൂരിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19, ഷിഗെല്ല രോഗഭീതി നിലനില്‍ക്കുന്നതിനിടെ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് വലിയ ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്.
രോഗസ്ഥിരീകരിച്ച മേഖലകളിലെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഒരു മേഖലയില്‍ മാത്രം അന്‍പതിനായിരത്തോളം പക്ഷികളെ കൊല്ലേണ്ടി വരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തിലാകും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത്. രോഗവ്യാപനം നടയാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നീണ്ടൂര്‍, കുട്ടനാട് മേഖലകളില്‍ നിന്നായി ഒന്‍പത് സാമ്പിളുകള്‍ പൂനയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ അഞ്ച് സാമ്പിളുകളിലാണ് രോഗം കണ്ടെത്തിയത്. രോഗവിവരത്തെക്കുറിച്ച് ഞായറാഴ്ച വൈകിട്ട് തന്നെ സര്‍ക്കാരിന് വിവരം ലഭിച്ചു.
ദേശാടനപക്ഷികളില്‍ നിന്നാവാം രോഗബാധയുണ്ടായതെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ വര്‍ഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സ്വീകരിച്ച അതേനടപടികളാണ് ഇത്തവണയും അധികൃതര്‍ ആലോചിക്കുന്നത്.













